koodathayi-case

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതിയായ ജോളിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്തത്.

ജോളിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം നൽകിയാൽ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

സ്വത്ത് കൈക്കലാക്കാൻ ജോളി ഭർത്താവ് റോയ് തോമസ്,അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നിവരെ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മഞ്ചാടിയിൽ മാത്യുവിനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടി അയാളുടെ ഭാര്യ സിലിയേയും മകൾ ആൽഫൈനേയും സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.