
അച്ഛൻ മരിച്ചു. സഞ്ചയനവും കഴിഞ്ഞു. മിക്കവരും അവരുടെ ജോലിസ്ഥലത്തേയ്ക്കോ വീട് വെച്ച് താമസമാക്കിയ നാടുകളിലേയ്ക്കോ മടങ്ങി. സുഭദ്രയും കുട്ടികളും ഇന്ന് രാവിലെ പോയി. മക്കൾക്ക് രണ്ടുപേർക്കും ഇന്നലെ സ്കൂൾ തുറന്നു. അതാണ് അവരുടെ അമ്മയെയും കൂട്ടി നഗരത്തിലേക്ക് വിട്ടത്. സുഭദ്രയ്ക്ക് രണ്ടു ദിവസം കൂടി ലീവ് ഉണ്ടായിരുന്നു. നാളെ രാവിലെ വീട് പൂട്ടി മടങ്ങണം. കൂട്ടുകാരെയൊക്കെ കണ്ടു യാത്ര പറയാനാണ് ഒരുദിവസം കൂടി നിന്നത്. എല്ലാവരും പോകാതെ പോകുന്നതും ശരിയല്ലല്ലോ.
ശാരദേച്ചി കട്ടനുമായി വന്നു.
ഇതാണ് ഒരു വലിയ പ്രശ്നം. ഇവരെവിടെ പോകും?
പത്തു പന്ത്രണ്ടു വർഷം മുമ്പ് എവിടെ നിന്നോ ഇവിടെ വന്നു കൂടിയതാണ്. ഭർത്താവും മക്കളുമൊന്നുമില്ല. വിവാഹം കഴിച്ചയച്ചതാണെന്ന്  തൃക്കണ്ണാപുരത്ത് താമസിച്ചിരുന്ന അവരുടെ അനിയത്തി ഒരിക്കൽ ഇവിടെ വന്നപ്പോൾ പറഞ്ഞു. ആ അനിയത്തിയായിരുന്നു ശാരദേച്ചിയുടെ ആകെയൊരു ബന്ധു. അവരും കഴിഞ്ഞ വർഷം പോയി.
അവരുടെ അനിയത്തി മരിച്ചപ്പോഴേ ഇങ്ങനെയൊരു പ്രശ്നം സുഭദ്രയും അമ്മാവനുമൊക്കെ മനസിൽ കണ്ടിരുന്നു.
അച്ഛനെ ഇത്രയും കാലം ശുശ്രൂഷിച്ച ഇവർ അച്ഛന്റെ മരണശേഷം എവിടെ പോകും?
ആ ചോദ്യത്തിന് എന്തെങ്കിലും ഉത്തരം കാലം കൊണ്ടു വരുമെന്ന് വെറുതെ കരുതി. അച്ഛൻ ഇത്ര പെട്ടെന്ന് മരിക്കുമെന്നും കരുതിയിരുന്നില്ല.
കൂടെ കൂട്ടി കൊണ്ടുപോയി താമസിപ്പിക്കാമെന്നാണ് കരുതിയത്. ജോലിയൊന്നും ചെയ്യാൻ അവർക്കിനി ആവില്ല, എന്നാലും കുട്ടികൾക്ക് ഒരു കൂട്ടാവുമെന്നൊക്കെ കരുതിയതാണ്. അച്ഛന്റെ വിശറിയും കണ്ണാടിയും റൈറ്റിംഗ് ബോർഡും പോലെ ഓർമ്മയ്ക്കായി അവരും കൂടെ പോന്നോട്ടെ എന്ന് കരുതിയതാണ്. പക്ഷേ ഇന്ന് രാവിലെ മടങ്ങുന്നതിന് മുമ്പ് സുഭദ്ര അതിന്റെ പ്രയോഗിക വിഷമതകൾ പറഞ്ഞു. അവൾക്ക് നല്ല പ്രായോഗിക ബുദ്ധിയാണ്. കാര്യങ്ങൾ എങ്ങിനെയൊക്കെയായിത്തീരും എന്ന് കണ്ടും ചിന്തിച്ചും ഓരോന്ന് ചെയ്യാനുള്ള കഴിവുണ്ട്. മാനേജ്മെന്റ് സ്കിൽ അപാരമാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ മേൽനോട്ടമെല്ലാം അവളായിരുന്നു.
ഒരു പ്രശ്നമേയുള്ളൂ. പ്ലാനിംഗിൽ എന്തെങ്കിലും മാറ്റേണ്ടി വന്നാൽ ആള് വല്ലാതെ അപ്സെറ്റാകും. അത് കാണുമ്പോൾ ശാരദേച്ചി എവിടെയെങ്കിലുംപോയി നിന്ന് ചിരിക്കും.
ശാരദേച്ചിയാണെങ്കിൽ ഒന്നു കൊണ്ടും കുലുങ്ങില്ല. പന്ത്രണ്ടു വർഷം മുമ്പ് വീടിനടുത്തു പണിയെടുക്കാൻ വന്ന  തൊഴിലുറപ്പുകാരാണ് ഇവരെ കൊണ്ടു വന്നു തന്നത്. ശോഷിച്ച ഉടലും നരകയറിയ തലയുമായി അന്ന് കണ്ടപ്പോൾ അവരെ കൊണ്ടുവന്ന രമണിയെ വിളിച്ചു മാറ്റി നിർത്തി വഴക്ക് പറഞ്ഞു.
''അച്ഛനെ നോക്കാനാണ് ഒരാളെ വേണമെന്ന് പറഞ്ഞത്, അല്ലാതെ അച്ഛന് നോക്കാനല്ല.""
''സാറ് നോക്കിക്കോ സാറേ , രണ്ടു ദിവസം ചേച്ചി ഇവിടെ നിൽക്കട്ടെ. ഈ പറയുന്ന സാറ് എനിക്ക് നൂറു നന്ദി പറയും. സാറിനെ ഉപദ്രവിച്ചിട്ട് ഞങ്ങൾക്കെന്തു കിട്ടാനാ?""
രമണി തറപ്പിച്ചു പറഞ്ഞു.
അവർ പറഞ്ഞത് ശരിയാണെന്നു അന്ന് അത്താഴം കഴിച്ചപ്പോഴേ തെളിഞ്ഞു. സുഭദ്രയ്ക്ക് അടുക്കളയിൽ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
രമണിക്ക് ചോദിച്ചതിലും നൂറുരൂപ അധികം കൊടുത്തു. ശാരദേച്ചിയുടെ മേലുള്ള അധികാരമെല്ലാം സുഭദ്രയുടെ കുത്തകയായിരുന്നു. അവരുടെ കെയർ ടേക്കറിനെ പോലെയാണ് അവൾ പെരുമാറിയിരുന്നത്. പക്ഷേ അതൊക്കെ അവരെക്കൊണ്ടു കൂടുതൽ പണിയെടുപ്പിക്കാനുള്ള വെറും നാട്യമാണെന്ന് അവർക്ക് പെട്ടെന്ന് മനസിലായി. ആളുകളെ മനസിലാക്കുന്നതിൽ എനിക്ക് ഒരു കഴിവും ഇല്ലെന്നാണ് സുഭദ്രയുടെ അഭിപ്രായം. അത് ശരിയായിരിക്കാം. ശാരദേച്ചിയെ അവൾ നന്നായി എല്ലാം പരിശീലിപ്പിച്ചെടുത്തു. ആരോടും ചേരാത്ത എന്റെ  അച്ഛനെ എങ്ങനെ മാനേജ് ചെയ്യുമെന്നൊക്കെ  അവൾ അവരെ പഠിപ്പിച്ചു. അവർക്കാണെങ്കിൽ അതിൽ ഒരു പരാതിയുമില്ല. അതാണ് അവരുടെ ഒരു രീതി. ഒന്നിലും ഒരു പരാതിയുമില്ല. മറ്റുള്ളവരെക്കുറിച്ച് ആരും പരാതി പറയുന്നതും അവർക്കിഷ്ടമല്ല.
''എന്റെ ലൈഫിൽ ആദ്യമാ അന്യരുടെ വിശേഷം പറയാത്ത ഒരു ഡൊമെസ്റ്റിക്ക് ഹെൽപ്പിനെ കാണുന്നത്.""
ഒരിക്കൽ സുഭദ്ര തന്നെ പറഞ്ഞു.
''ഇതും അന്യരുടെ വിശേഷമാണ്.""
ഞാൻ തമാശ പറഞ്ഞു.
''അതെ, ഞാൻ തറവാട്ടിലൊന്നും പിറന്നതല്ല. പൂനെയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ജനനം. ഞാൻ കുറെ കൊതീം നുണേമൊക്കെ പറയും.""
അവൾ അന്ന് പിണങ്ങിക്കിടന്ന് ഉറങ്ങി.
ഒന്നിച്ചുള്ളപ്പോഴൊക്കെ ശാരദേച്ചിയും സുഭദ്രയും ഒരു ടീം പോലെയായിരുന്നെങ്കിലും അവർ തമ്മിൽ യാതൊരു സാമ്യവും ഇല്ല. ഒന്നാമത്തെ കാര്യം, നേരത്തെ പറഞ്ഞപോലെ, ശാരദേച്ചി ഒന്നിലും കുലുങ്ങില്ല. കാര്യങ്ങൾ നേരെ ചൊവ്വേ പോകുന്ന കാലത്തോളം സുഭദ്രയും അങ്ങനെ തന്നെ. പക്ഷേ അവളുടെ കഷ്ടകാലത്തിന് കാര്യങ്ങൾ അവൾ പ്രതീക്ഷിക്കുന്ന പോലെ പോകാറേ ഇല്ല. അങ്ങനെ പോയിരുന്നെങ്കിൽ അവളുടെ ജീവിതം സ്വർഗതുല്യം ആയിരുന്നേനെ.
എനിക്കെന്റെഅമ്മയെ കണ്ട ഓർമ്മ തീരെയില്ല. അവർ ഇവരിലാരെ പോലെയായിരുന്നിരിക്കും എന്നൊക്കെ ഭാവന ചെയ്തിട്ടുണ്ട് . ഇരുവരെയും പോലെ ആയിരുന്നിരിക്കില്ല. ശാരദേച്ചിയെ പോലെ എന്തായാലും ആയിരുന്നിരിക്കില്ല. അവരെപ്പോലെ അവർ മാത്രമേ ഈ ലോകത്ത് കാണൂ.
മക്കളില്ലെങ്കിലും മക്കളെപ്പോലെ ഒരു കഥാപാത്രം അവരുടെ ജീവിതത്തിൽ ഉണ്ട്. അത് ഈശ്വരനായിരുന്നു. ആകെ വഴക്കുണ്ടാക്കുന്നതും ഈശ്വരനുമായിട്ടാണ്. അത് മക്കളെ ശകാരിക്കുന്നത് പോലേ ഉള്ളൂ. കേട്ടാൽ തോന്നും അതൊക്കെ ചുറ്റുമുള്ളവരെക്കുറിച്ചാണെന്ന്.
''അതെങ്ങനാ, നമ്മളെങ്ങോട്ടു എന്തേലും പറഞ്ഞിട്ട് വല്ല കാര്യോമൊണ്ടോ? ബോതിച്ചതല്ലേ ചെയ്യൂ.""
എന്ന് ഒരിക്കൽ പിറുപിറുക്കുന്ന കേട്ടപ്പോൾ അച്ഛനുമായി എന്തോ ഉടക്കായെന്നാണ് ഞാൻ കരുതിയത്.
''കൃത്യമാ കണക്കൊക്കെ, ഒരു വിട്ടുവീഴ്ചയുമില്ല!""
എന്ന് കേട്ടപ്പോൾ പ്രതി സുഭദ്രയായിരിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു
''കുറച്ചൊക്കെ മറക്കുകേം വേണം, എല്ലാമിങ്ങനെ പൊത്തകത്തിൽ എഴുതിവച്ചോണ്ടിരുന്നോളും.""
എന്ന് കേട്ടപ്പോൾ എന്നേക്കുറിച്ചാണെന്ന് കരുതി ഞാൻ പറഞ്ഞു.
''ഒള്ളതാ  ചേച്ചീ, വേണ്ടാത്തതിനൊക്കെ എനിക്ക് അല്ലേലും ഓർമ്മ കൂടുതലാ.""
''അയ്യോ, കുഞ്ഞിനെ പറഞ്ഞതല്ല.""
എന്നിട്ട് എന്നോട് അടക്കത്തിൽ പറഞ്ഞു,
''ഇത് വേറെയാ ആള്!""
പിന്നെ കണ്ണ് കൊണ്ട് ആകാശത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു. എനിക്ക് ചിരി വന്നു.
''പോകാൻ പറ ചേച്ചീ.""
അതേ സ്പിരിറ്റ് ഉൾക്കൊണ്ട് ഞാനും പറഞ്ഞു.
''അതിന് പറഞ്ഞാൽ പോകണ്ടേ!""
എതിരില്ലാത്തൊരു ഗോളടിച്ച് അവർ കളി അവസാനിപ്പിച്ചു.
അച്ഛന് രണ്ടു തവണയായി രണ്ടു ഓപ്പറേഷൻ വേണ്ടിവന്നു. രണ്ടും സുഭദ്രയ്ക്ക് ഓഫിസിൽ ഏറ്റവും തിരക്കുള്ള മാർച്ച് മാസത്തിൽ തന്നെ. അവൾക്ക് കലി വന്നു.
''നിന്റെ ഓഫിസ് ഷെഡ്യൂൾ അനുസരിച്ചാണോ മനുഷ്യർക്ക് അസുഖം വരുന്നത്?""
ഞാൻ ചോദിച്ചു.
''അതേ. ഇതിപ്പോൾ എന്റെ ഓഫിസ് ഷെഡ്യൂൾ  അനുസരിച്ചാണല്ലോ. എന്റെ വിധി.""
മറുപടിയും വന്നു.
അന്നും അവൾ പിണങ്ങിക്കിടന്നുറങ്ങി. അടുത്തദിവസം തന്നെ അവളെയും കുട്ടികളെയും ഞാൻ തിരികെ പറഞ്ഞയച്ചു. അച്ഛന്റെ കാര്യങ്ങൾ ഞാനും ശാരദേച്ചിയും കൂടി നോക്കിക്കൊള്ളാമെന്നു പറഞ്ഞു.
പക്ഷേ അത് അതിലും വലിയ കെണിയായി. ഇരുപത്തിനാലു മണിക്കൂറും അവൾ വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ശാരദേച്ചി ഊറിയൂറി ചിരിക്കും. ഒരു വാക്കും പറയില്ല.
അച്ഛന്റെ സർജറി കുറച്ച് കോംപ്ലിക്കേഷൻ ആയിപ്പോയി. സുഭദ്ര അടുത്തില്ലാഞ്ഞത് നന്നായി. എങ്കിൽ ഞാൻ അവളെയും ഐസിയുവിൽ കിടത്തേണ്ടി വന്നേനെ.
ശാരദേച്ചി അടുത്തുള്ളതും നന്നായി. ഐസിയുവിന് പുറത്ത് എന്റെ കസേരയ്ക്കരികിൽ തറയിൽ ചമ്രം പടഞ്ഞിരുന്ന് എത്ര രാത്രികൾ അവർ ഉറങ്ങാതെ കഴിച്ചുകൂട്ടി.
അവരുടെ ശുഭപ്രതീക്ഷകളും പ്രവചനങ്ങളും എപ്പോഴും സത്യമായി വന്നു. ഞാൻ ഒരു കാരണവശാലും ദുഃഖിക്കരുതെന്ന് അവർക്ക് പിടിവാശി ഉള്ളതു പോലെ തോന്നി.
''കുഞ്ഞ് ചുമ്മാതിരി കുഞ്ഞേ. നമുക്ക് താങ്ങാനാകാത്തതൊന്നും ദൈവം തരുകേല. നമ്മുക്കൊക്കെ ഓരോന്ന് ഉറപ്പിച്ച് വെച്ചിട്ടുണ്ട്. അതിപ്പോ നമ്മൾ അറിഞ്ഞാലും അറിഞ്ഞില്ലേലും കാര്യമൊന്നുമില്ല. കുഞ്ഞ് മുറീല് പോയിക്കിടന്ന് ഉറങ്ങിയാട്ടെ, ഞാനിവിടെ ഇരുന്നോളാം.""
അവർ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ പല രാത്രികളിലും ഉറങ്ങിയില്ല.
ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ശാരദേച്ചിയെ ഒത്തിരി ഇഷ്ടമായി. പേരൊന്നും അറിയില്ലെങ്കിലും ശാരദേച്ചി അവരുടെ രൂപമൊക്കെ നോക്കി വെച്ചിട്ടുണ്ട്. ചുരുണ്ട മുടിയുള്ള നഴ്സ്, കോലൻ മുടിയുള്ള ഡോക്ടർ എന്നൊക്കെ പറയുന്നത് കേൾക്കാം.
ശാരദേച്ചി വരുന്നതിനു മുൻപ് വീട്ടിൽ സന്ധ്യാവിളക്ക് കൊളുത്തിയിരുന്നോ നാമം ചൊല്ലിയിരുന്നോ എന്നൊന്നും ഓർമ്മയില്ല. അപ്പൂപ്പനും അച്ഛനുമായി ഹെഗലിന്റെയും സാർത്രിന്റെയും വിഗ്ഗ്ഐൻസ്റ്റീനിന്റെയും നീച്ചേയുടെയും മറ്റും നാമോച്ചാരണങ്ങൾ നടത്തുന്നത് കേട്ടാണ് ഞാൻ വളർന്നത്.
ശാരദേച്ചി കൃത്യമായി വിളക്ക് കൊളുത്തി നാമം ചൊല്ലുമായിരുന്നു. പകൽ വെറുതെയിരിക്കുമ്പോഴും എന്തെങ്കിലുമൊക്കെ ഭജന മൂളിക്കൊണ്ടിരിക്കും. അവരോടുള്ള അടുപ്പം കൊണ്ട് അതിനോടൊക്കെ എനിക്കുണ്ടായിരുന്ന അകൽച്ചയും കുറെ മാറി. ഒരിക്കൽ ഞാൻ എന്തോ മൂളുന്നത് കേട്ട് എനിക്ക് എത്ര വയസായെന്ന് സുഭദ്ര ചോദിച്ചു. സൂചന മനസിലായെങ്കിലും ഞാൻ ഒന്നുമറിയാത്തതുപോലെ അൻപത്തേഴെന്ന് മറുപടി പറഞ്ഞ് പൊട്ടൻ കളിച്ചു.
തമാശ ചീറ്റിപ്പോയ ദേഷ്യത്തിൽ ''അപ്പോഴിത് അറുപതിലെ പിറുപിറുപ്പല്ല"" എന്ന് മാത്രം അവൾ പറഞ്ഞു.
കാപ്പി കുടിച്ച കപ്പ് എടുക്കാനായി ശാരദേച്ചി വന്നു.
''ഇനിയധികം വായിച്ചോണ്ടൊന്നും ഇരിക്കേണ്ട. കുഞ്ഞുകിടന്ന് ഉറങ്ങാൻ നോക്ക്. നാളെ വണ്ടിയോടിച്ചു പോകാനുള്ളതല്ലേ?""
ശരിയാണ്, രാവിലെ പോകണം. ഞാൻ തനിച്ചല്ല. ശാരദേച്ചിയും വരും. എങ്ങിനെയെങ്കിലും നിർബന്ധിച്ചു കൊണ്ട് പോകണം. സുഭദ്ര കുറെ ദിവസം പിണങ്ങിക്കിടന്നുറങ്ങട്ടെ.
അന്ന് രാത്രി എനിക്ക് തീരെ ഉറക്കം വന്നില്ല. അച്ഛനുമായി ആ വീട്ടിൽ ചെറുപ്പകാലത്ത് കഴിഞ്ഞതും അച്ഛന് ഇഷ്ടപ്പെടാത്ത ഒരു വിവാഹബന്ധത്തിൽ ഏർപ്പെട്ടു വഴക്കും പിണക്കവുമൊക്കെ ആയതും പിന്നീട് ഇണങ്ങിയതും സുഭദ്ര അച്ഛന്റെ ഓമനമകളായതുമൊക്കെ ഓർത്തു കൊണ്ട് ഉറങ്ങാതെ കുറെ നേരം കിടന്നു.
എപ്പോഴാണ് ഉറങ്ങിയതെന്നു അറിഞ്ഞില്ല. നേരം വെളുത്ത് പത്ത് മണിയായിട്ടും ശാരദേച്ചി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.
''കുഞ്ഞേ, അപ്പുറത്തെ വീട്ടിലെ ദിവാകരൻസാറു വന്നു ഇറയത്തിരിക്കുന്നു. അങ്ങോട്ട് ചെന്നാട്ടെ. എന്തോ പ്ലാനുണ്ട്. വീട് വാങ്ങാനാണെന്നാ തോന്നുന്നേ.""
വീട് വാങ്ങാനൊന്നുമായിരുന്നില്ല ദിവാകരൻസാറും ഭാര്യയും കൂടെ വന്നത്. അവരുടെ മരുമകന് ട്രാൻസ്ഫറായി. അപ്പോൾ മോളുടെ കൂടെ വെറുതേ ഒന്ന് കൂട്ട് നിൽക്കാൻ ശാരദചേച്ചിയെ വിടാമോ എന്ന് ചോദിയ്ക്കാൻ വന്നതാണ്.
ശാരദേച്ചിക്ക് അവരുടെ മോളെ അറിയാം. കെട്ടിച്ചു വിടുന്നതിന് മുൻപ് വീട്ടിൽ നിൽക്കുമ്പോഴുള്ളപരിചയമാണ്. ശാരദേച്ചി സന്തോഷത്തോടെ നൂറുവട്ടം സമ്മതമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി.
വീടൊക്കെ പൂട്ടി താക്കോൽ ദിവാകരൻസാറിനെ തന്നെ ഏൽപ്പിച്ചു. വല്ലപ്പോഴും ശാരദേച്ചി വന്നു എല്ലാമൊക്കെ ഒന്ന് വൃത്തിയാക്കി ഇട്ടുകൊള്ളാമെന്ന് പറഞ്ഞു. അതാരെയെങ്കിലും വെച്ച് ചെയ്യിച്ചാൽ മതി, എല്ലാത്തിലും ഒരു കണ്ണുണ്ടായാൽ മതിയാകും എന്ന് ഞാനും പറഞ്ഞു
കാറിൽ കേറാൻ നേരം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു:
''കുഞ്ഞു സമാധാനമായിട്ട് പൊയ്ക്കോ. എന്റെ കാര്യമൊക്കെ നോക്കാൻ ആളുണ്ടല്ലോ.""
അത് കേട്ടപ്പോൾ ദിവാകരൻ സാറും ഭാര്യയും അവരെക്കുറിച്ചാണെന്ന് കരുതി തലയാട്ടി .
''കുഞ്ഞിനുമുണ്ടല്ലോ നോക്കിവളർത്താൻ രണ്ടു മക്കളും ഒരു പൊടിക്കുഞ്ഞും. പാവമാ കേട്ടോ.""
മാനത്തുനിന്നൊരു മഴത്തുള്ളിയോ ശാരദേച്ചിയുടെ കണ്ണുനീരോ എന്തോ ഒന്നെന്റെ കൈത്തണ്ടയിൽ വീണു.