adhar

കൊവിഡ്-19 രോഗവ്യാപനത്തോടെ പൊലിമ നഷ്ടപ്പെട്ട വിവാഹ ആഘോഷങ്ങൾ ഗംഭീരമാക്കാൻ വെറൈറ്റി നിറഞ്ഞ പരീക്ഷണങ്ങൾ നടത്തുന്ന കാലമാണിത്. വെറൈറ്റി അവതരണങ്ങളിലൂടെയാണ്‌ പലരും ഇപ്പോൾ വിവാഹച്ചടങ്ങുകൾ ഗംഭീരമാക്കുന്നത്. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിലും ക്ഷണക്കത്തിലും കല്യാണ വസ്ത്രത്തിലും തുടങ്ങി സഞ്ചരിക്കുന്ന വാഹനത്തിൽ വരെ വിവിധ രീതികൾ പരീക്ഷിച്ച് വ്യത്യസ്തത വരുത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഇത്തരത്തിൽ വെറൈറ്റി അന്വേഷിച്ച് നടന്ന കൊൽക്കത്തയിലെ വരൻ ഗോഗോലും വധു സുബർണയും ഒടുവിൽ വിവാഹത്തിന് ഫുഡ് കാർഡ് തയ്യാറാക്കാം എന്ന ആശയത്തിലെത്തി. ഹോട്ടലുകളിൽ ലഭിക്കുന്ന വെറും ഫുഡ് കാർഡല്ല ഈ നവദമ്പതികൾ തയ്യാറാക്കിയത്. ആധാർ കാർഡിന്റെ രൂപത്തിലുള്ള ഫുഡ് കാർഡ്. ഡിജിറ്റൽ ഇന്ത്യയെ അനുകൂലിക്കുന്നതുകൊണ്ടാണ് തങ്ങൾ ആധാർ കാർഡിന്റെ അതേ രൂപത്തിലുള്ള ഫുഡ് കാർഡ് തയ്യാറാക്കിയതെന്ന് ഫെബ്രുവരി ഒന്നിന് വിവാഹിതരായ ഗോഗോലും സുബർണയും പറയുന്നു. ഈ ആശയം ആദ്യം മുന്നോട്ട് വച്ചത് സുബർണയാണ്.

ആധാർ കാർഡ് മോ‌ഡലിലുള്ള ഫുഡ് മെനുവിൽ വിവാഹത്തിന് വിളമ്പാൻ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ് നൽകിയിട്ടുള്ളത്. പീസ് കച്ചോരി, സ്റ്റഫ്ഡ് പൊട്ടറ്റോ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, മട്ടൺ കാഷ, രസഗുള എന്നിങ്ങനെ പോകുന്നു ആഹാരത്തിന്റെ നീണ്ട നിര. പേരിന്റെ സ്ഥാനത്ത് സുബർണ വെഡ്സ് ഗോഗോൽ എന്നും ആധാർ കാർഡ് നമ്പറിന്റെ സ്ഥാനത്ത് വിവാഹ തീയതിയുമാണ് കുറിച്ചിരിക്കുന്നത്. ഈ കാർഡ് ഇന്നത്തേയ്ക്ക് മാത്രമാണ് സാധുതയുള്ളത് എന്നും വിവാഹ മംഗളങ്ങളും ആധാർ ഫുഡ് കാർഡിൽ കുറിച്ചിട്ടുണ്ട്.

വിവാഹത്തിന് വന്നൊരാൾ ആധാർ ഫുഡ് കാർഡിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. നിരവധി പേരാണ് നവദമ്പതികളുടെ സർഗ്ഗവൈഭവത്തെ പ്രകീർത്തിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കമന്റിട്ടത്.