
ഒന്നു ശ്രദ്ധിച്ചാൽ ഈ കുടവയർ കുറച്ച് നിങ്ങൾക്ക് നിങ്ങളുടെ പഴയ രൂപം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ...
ആദ്യം തീരുമാനം
അമിത വണ്ണം കുറയ്‌ക്കുമെന്ന് മനസ് കൊണ്ട് ആദ്യമേ തീരുമാനിക്കുക. ഒരു സുപ്രഭാതത്തിൽ വണ്ണം കുറച്ച് പഴയ പോലെയാകാമെന്ന് കരുതുകയും വേണ്ട. കഠിനമായ പരിശ്രമമാണ് വേണ്ടത്. എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മനസിനോട് ഉറപ്പിച്ച് പറയുക. അതിന് ജീവിതരീതികൾ തന്നെ മാറ്റിയെടുക്കുക. നല്ലശീലങ്ങളിലൂടെ, കൃത്യമായ ചിട്ടകളിലൂടെ വയറ്റിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ കളയാനാകും. ടെൻഷൻ കൂടുമ്പോൾ ഭക്ഷണം ധാരാളമായി കഴിക്കുന്ന പ്രവണത ചിലർക്കെങ്കിലുമുണ്ടാകാറുണ്ട്.
വ്യായാമം ശീലമാക്കുക
വ്യായാമത്തിലൂടെ അമിതമായ കലോറി ചെലവഴിക്കാനും കൊഴുപ്പിനെ കത്തിച്ചുകളയാനും സാധിക്കുന്നു. നടത്തം, ശ്വസനവ്യായാമങ്ങൾ, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവയും നല്ലതാണ്. വയറിലെ കൊഴുപ്പ് കളയാൻ വളരെ നല്ലതാണ് ക്രഞ്ചസ് വ്യായാമം. ഉറച്ച പ്രതലത്തിൽ മലർന്നു കിടന്നു പാദം തറയിൽ ഉറപ്പിച്ച് മുട്ട് മടക്കിവെക്കുക. കിടന്നിടത്തു നിന്നു തല മുകളിലേക്ക് സാവധാനം ഉയർത്താൻ ശ്രമിക്കുക. ഇതിനുശേഷം മുതുകുവരെ വളച്ച് ഉയർന്നു വരാൻ ശ്രമിക്കാം അല്പസമയം ഉയർന്നുനിന്നശേഷം പതുക്കെ താഴ്ന്നു വരിക.
നല്ല ഭക്ഷണവും ധാരാളം വെള്ളവും
പട്ടിണികിടന്ന് തടി കുറയ്‌ക്കാമെന്ന് കരുതേണ്ട. അത് തടി കുറയുകയുമില്ല, പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിച്ച് വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക. ഭക്ഷണത്തിൽ തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി , പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം. നിത്യവും പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്‌ക്കും.
കലോറി കണക്കാകുക
കഴിക്കുന്ന ഓരോ വിഭവത്തിന്റെയും ഏകദേശ കലോറി കണക്ക് മനസിലാക്കുക. എന്നിട്ട് നിങ്ങൾക്ക് ഒരു ദിവസം വേണ്ട കലോറിയും കണക്കാക്കണം. രാത്രിയിൽ ഒരിക്കലും വാരിവലിച്ചു തിന്നരുത്. ഒരുപാട് കലോറിയുടെ ആവശ്യമൊന്നും സാധാരണ ഒരാൾക്ക് വേണ്ടി വരില്ല. ലിമിറ്റ് വച്ച് വേണം ആഹാരം കഴിക്കാൻ.
മധുരപാനീയങ്ങൾ വേണ്ട
അമിതമായ മധുരം വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ മധുരവസ്‌തുക്കൾ ഒഴിവാക്കണം. ബേക്കറി പലഹാരങ്ങൾ , ഫാസ്റ്റ്ഫുഡുകൾ എന്നിവയും ഒഴിവാക്കണം. അതോടൊപ്പം തന്നെ കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കുക. വറുത്തതും പൊരിച്ചതും പരമാവധി കുറച്ചു കൊണ്ട് വരണം. പെട്ടെന്ന് തൂക്കം കുറക്കാൻ ആഗ്രഹിക്കുന്നവർ ഇവ നിർബന്ധമായും ഒഴിവാക്കുക തന്നെ വേണം.
ടി. വി കാണുമ്പോൾ ഭക്ഷണം വേണ്ട
സാധാരണ ഗതിയിൽ എല്ലാവരും ടി. വിക്കു മുന്നിൽ ഇരുന്നാണ് ആഹാരം കഴിക്കുന്നത്. ഇത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും. അതുപോലെ ടി വിക്കു മുന്നിലിരുന്ന് ഇടയ്‌ക്കിടെ കഴിക്കുന്നതും ശരിയായ രീതിയല്ല. ശ്രദ്ധ ടി വിയിലേക്ക് മാത്രമാകുമ്പോൾ അകത്തേക്കു പോകുന്ന ആഹാരത്തിന്റെ അളവും നിങ്ങളറിയാതെ പോകും.