msf

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രവർത്തകർ മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സംഘർഷത്തിൽ ഏഴ് എം എസ് എഫ് പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.

ചിതറി ഓടിയ എം എസ് എഫ് പ്രവർത്തകർ സമീപത്തെ സി പി എമ്മിന്റെ കർഷക സമര ഐക്യദാർഢ്യ വേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സി പി എം-എം എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് വീണ്ടും ലാത്തിചാർജ് നടത്തി എം എസ് എഫ് പ്രവർത്തകരെ ഓടിച്ചു.

സംഘർഷത്തിൽ ഒരു മാദ്ധ്യമപ്രവർത്തകന്റെ തലയ്‌ക്ക് പരിക്കേറ്റു. വി പി സാനുവിന് നേരെ കല്ലേറുണ്ടായെന്നാണ് സി പി എം നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ ഇത് കളള പ്രചാരണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു.