
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായികമാരിലൊരാളായ ശ്രേയാ ഘോഷാൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി സൂചന. ശബ്ദ സൗന്ദര്യവും ആകാര ഭംഗിയുമൊത്തിണങ്ങിയ ഈ വംഗ സുന്ദരി അഭിനയരംഗത്തേക്ക് കടക്കുന്നതെന്നാണെന്ന ചോദ്യം കാലങ്ങളായി ആരാധകരും സിനിമാ പ്രവർത്തകരും ചോദിക്കുന്നതാണ്. എന്നാൽ ഇതുവരെ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയിരുന്ന ശ്രേയ നല്ല അവസരങ്ങൾ സ്വാഭാവികമായി വന്നുചേർന്നാൽ അഭിനയത്തിലും ഒരു കൈ നോക്കാൻ താൻ തയ്യാറാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വർഷം തന്നെ പ്രിയ ഗായിക നായികയായി മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യമെമ്പാടുമുള്ള ശ്രേയാ ആരാധകർ ഇപ്പോൾ.2002-ൽ പുറത്തിറങ്ങിയ സഞ്ജയ്ലീലാ ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയാ ഘോഷാൽ ബോളിവുഡിൽ അരങ്ങേറിയത്. ഒരു സംഗീത റിയാലിറ്റി ഷോയിൽ ശ്രേയയുടെ പാട്ട് കണ്ട് ഇഷ്ടമായ ബൻസാലിയുടെ അമ്മയാണ് മകനോട് ശ്രേയയ്ക്ക് ഒരവസരം നൽകാനാവശ്യപ്പെടുന്നത്. ഐശ്വര്യാ റായ് അവതരിപ്പിച്ച പാറോയ്ക്ക് ഒരു പുതുസ്വരം തേടി നടന്നിരുന്ന ബൻസാലിക്കും ശ്രേയയുടെ പാട്ട് ഇഷ്ടമായി. 
ദേവദാസിൽ ശ്രേയ പാടിയത് അഞ്ച് പാട്ടുകൾ. ആദ്യ ചിത്രത്തിൽത്തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും  സ്വന്തമാക്കി.നാല് ദേശീയ പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും കേരള, തമിഴ്നാട്സംസ്ഥാന പുരസ്കാരങ്ങളും ശ്രേയ നേടിയിട്ടുണ്ട്.അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിടപറയുകയാണോയെന്ന ഗാനം പാടിക്കൊണ്ടാണ് മലയാളത്തിലെ അരങ്ങേറ്റം.ശ്രേയ അഭിനയത്തുടക്കം കുറിക്കുന്ന ചിത്രമൊരുങ്ങുന്നത്ബോളിവുഡിലാണെന്നും ഏറെ വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൂചന.ബംഗാളിയിൽ മുന്നൂറിലധികവും ഭോജ്പുരിയിൽ നൂറോളവും ഹിന്ദിയിൽ ആയിരത്തോളവും കന്നഡയിൽ മുന്നൂറോളവും ഉറുദുവിൽ പന്ത്രണ്ടും തെലുങ്കിൽ ഇരുന്നൂറ്റിഅമ്പതിലധികവും തമിഴിൽ ഇരുന്നൂറോളവും പഞ്ചാബിയിൽ ഇരുപത്തിയഞ്ചിലധികവും മറാത്തിയിൽ എഴുപതോളവും സിനിമാഗാനങ്ങൾ ഇതിനകം പാടിക്കഴിഞ്ഞ ശ്രേയാ ഘോഷാൽ മലയാളത്തിൽ നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ഇലക്ട്രിക്കൽ എൻജിനിയറായിരുന്ന ബിശ്വജിത്ത് ഘോഷാലിന്റെയും ഗായിക ഷർമിസ്ത ഘോഷാലിന്റെയും മകളായ ശ്രേയ വ്യവസായിയായ ശിലാദിത്യ മുഖോപാദ്ധ്യായയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സൗമ്യ ദീപ് ഘോഷാൽ സഹോദരനാണ്.