prakash-javadekar

ന്യൂഡൽഹി: വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി കേൾക്കുമെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. കേന്ദ്രം നേരിട്ടല്ല പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചത്. അന്തിമ വിജ്ഞാപനം എല്ലാ സാഹചര്യങ്ങളും പരി​ഗണിച്ച ശേഷമായിരിക്കുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയതു സംബന്ധിച്ച, കെ സി വേണു​ഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസർക്കാർ നേരിട്ട് ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുർബല മേഖലയാക്കുകയല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആക്കാനുളള കരടുവിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാന സർക്കാർ 2020 ജനുവരിയിൽ സമർപ്പിച്ച, ഭേദ​ഗതി ചെയ്‌ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്റർ ആണ് പരിസ്ഥിതി ലോല മേഖല. എന്നാൽ, കേന്ദ്ര വനം മന്ത്രാലയം 118. 9 ചതുരശ്ര കിലോമീറ്റർ പരിധിയാണ് ഉൾപ്പെടുത്തിയത്.

കരടുവിജ്ഞാപനത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട് ജില്ലയിൽ തുടരുകയാണ്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതിനാൽ കടകമ്പോളങ്ങൾ തുറന്നിട്ടില്ല.