
തിരുവനന്തപുരം: സോളാറിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ അവസാനം നിമിഷം വരെ എൽഡിഎഫ് സർക്കാർ ശ്രമിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാതിക്കാരി നൽകിയ കത്തിൽ കേസെടുക്കുന്നത് തീരുമാനിക്കാൻ അവസാന നിമിഷം ഡിവൈഎസ്‌പി റാങ്കിനു മുകളിലുള്ളവരുടെ യോഗം ചേർന്നു. മാർക്സിസ്റ്റ് അനുകൂലികളായ അഭിഭാഷകരും അതിൽ പങ്കെടുത്തിരുന്നു. കേസെടുക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ചോദ്യമാണ് സർക്കാരിന്റെ പദ്ധതികൾ തകിടം മറിക്കാൻ കാരണമെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.
ഉമ്മൻചാണ്ടിയുടെ വാക്കുകൾ-
'കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. ഞങ്ങളാരും അതേക്കുറിച്ചു തല പുകയ്‌ക്കുന്നില്ല. അക്കാര്യത്തിൽ ഞങ്ങൾ ഇതുവരെ എടുത്ത നിലപാട് പലരും ചെയ്യാൻ ഭയപ്പെടുന്നതും എടുക്കാൻ മടിക്കുന്നതുമാണ്. ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് ഞാനടക്കം ഉള്ളവർക്കെതിരെ ഈ സർക്കാർ വന്നശേഷം എഫ്‌ഐആർ ഇട്ടത്. പക്ഷേ, ജാമ്യത്തിനു ഞങ്ങൾ പോയില്ല. അതിനു ശ്രമിക്കണമെന്ന വലിയ സമ്മർദ്ദം എന്റെ മേൽ വന്നു. തെറ്റ് ചെയ്‌തിട്ടില്ല എന്നതിനാൽ അതിന്റെ ആവശ്യമില്ല എന്നാണു കരുതിയത്. ബാക്കിയുള്ളവരും ആ നിലപാട് പിന്തുടർന്നു. എഫ്‌ഐആർ എടുത്തതിനാൽ ഈ രണ്ടരക്കൊല്ലത്തിനിടെ ഏത് ഉദ്യോഗസ്ഥനും ഞങ്ങളെ അറസ്റ്റു ചെയ്യാമായിരുന്നു. അറസ്റ്റുണ്ടായാൽ ജയിലിൽ പോയശേഷം വേണമെങ്കിൽ നിയമ നടപടി എടുക്കാനാണ് ഞാൻ തീരുമാനിച്ചത്. അതിനു മുൻപ് ജാമ്യം എടുത്തിരുന്നെങ്കിൽ പിന്നെ, അതു പറഞ്ഞ് ആകുമായിരുന്നു ആക്ഷേപം. കുറ്റക്കാരും കുഴപ്പക്കാരുമാണ് എന്നതു കൊണ്ട് ജാമ്യ പരിരക്ഷ നേടി എന്ന് പ്രചരിപ്പിക്കുമായിരുന്നു. എന്തുകൊണ്ട് ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതിന് എന്തു മറുപടിയാണ് ഈ സർക്കാരിനുള്ളത്? ഫോണിൽ പോലും വിളിച്ച് എന്താണ് സംഭവം എന്നു പോലും ഒരു ഉദ്യോഗസ്ഥനും ചോദിച്ചിട്ടില്ല. അതു കൊണ്ട് പഴയ നിലപാട് തന്നെ. എന്തു തീരുമാനവും നടപടിയും വരട്ടെ.
ഞങ്ങൾ പറഞ്ഞ രണ്ടു കാര്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയത് അന്വേഷണ കമ്മിഷൻ അധികാര പരിധി വിട്ടു ചെയ്‌ത കാര്യമായിരുന്നു. ആ പോയിന്റ് ഞാൻ കോടതിയിൽ ചോദ്യം ചെയ്‌തു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടിയും കോടതി റദ്ദാക്കി. പിന്നീട് എഫ്‌ഐആർ എടുത്തതു പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഞങ്ങൾ കുറ്റക്കാരാണെങ്കിൽ എന്തുകൊണ്ട് സിംഗിൾ ബഞ്ചിന്റെ ആ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ പോലും സമീപിക്കാൻ തുനിഞ്ഞില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അഞ്ചു കൊല്ലമായിട്ടു നിയമ നടപടി സ്വീകരിക്കാത്തതിന്റെ കാരണം ജനങ്ങളോടു പറയണമെന്ന ആവശ്യത്തോടും പ്രതികരിച്ചില്ല. പാർട്ടി അണികളോടു പോലും വിശദീകരിക്കാൻ ബുദ്ധിമുട്ടുളള ഈ സ്ഥിതി തരണം ചെയ്യാനായി ഒരു ഉപായം വേണമെന്നു തോന്നിക്കാണും. 'ഞങ്ങൾ കേസ് സിബിഐയ്ക്കു വിട്ടു, സിബിഐ കേസ് എടുക്കാത്തതിനു കുറ്റക്കാരല്ല' എന്ന് ഇനി പറയാമല്ലോ. പക്ഷേ,അഞ്ചു കൊല്ലം എന്തു ചെയ്‌തു എന്നതിനു മറുപടിയില്ല. ഞങ്ങളാരും ഒളിവിലായിരുന്നില്ല, വിദേശത്തു പോലും ആയിരുന്നില്ല.
സോളാർ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് മൂന്നു ഡിജിപിമാർ പരിശോധിച്ചിരുന്നു. കേസെടുക്കാൻ വകുപ്പില്ല എന്നാണ് അവർ കണ്ടെത്തിയത്. പിന്നീട് ഇതിനായി എസ്‌പി, ഡിവൈഎസ്‌പി റാങ്കിനു മുകളിലുള്ളവരുടെ യോഗം ചേർന്നു. മാർക്സിസ്റ്റ് അനുകൂലികളായ അഭിഭാഷകരും അതിൽ പങ്കെടുത്തിരുന്നു. 'കേസെടുക്കണം' എന്ന് അവർ ആ യോഗത്തിൽ നിർബന്ധിച്ചു പറഞ്ഞു. അപ്പോൾ ഒരു ഡിവൈഎസ്‌പി എഴുന്നേറ്റു നിന്ന് 'അതു ചെയ്യാം. നിർദേശമായി എഴുതി തന്നാൽ മതി' എന്നു പറഞ്ഞു. എഴുതി കൊടുത്താൽ പിന്നെ അതു ചെയ്‌തവർക്കാണല്ലോ ഉത്തരവാദിത്തം. അതോടെ ആ ശ്രമം പാളി'.-ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.