us

വാഷിംഗ്ടൺ: 2015ലെ ആണവകരാർ അംഗീകരിക്കാതെ ഇറാനെതിരെയുള്ള ഉപരോധം നീക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വൻതോതിലുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ അവസാനിപ്പിക്കണമെന്നും ബൈഡൻ പറഞ്ഞു. ആണവകരാർ ആംഗീകരിക്കണമെങ്കിൽ യു.എസ് ഉപരോധം പിൻവലിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനായി നേരത്തെ അറിയിച്ചിരുന്നു. യു.എസ് ഉൾപ്പടെ ആറ് രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവക്കരാറിൽ നിന്ന് ഇറാൻ പിന്മാറിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികൾ വയ്ക്കില്ലെന്നും രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നുമായിരുന്നു കരാറിൽനിന്ന് പിൻമാറിയതിനു പിന്നാലെ ഇറാന്റെ പ്രതികരണം. ഉപരോധങ്ങൾ പിന്‍‌വലിച്ചാൽ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.

വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവക്കരാറിൽ നിർദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളത് വിദേശത്ത് വില്പന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണുവായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതാണ് കരാറിൽ അത്തരമൊരു നിർദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണുവായുധ നിർമാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.