
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി. ജോലി അല്ലെങ്കിൽ മരണം, ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാർത്ഥികളുടെ നിലപാട്.
ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാർത്ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറിൽ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാർത്ഥി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാളും ആത്മഹത്യാ ശ്രമം നടത്തി. വെളളം ചീറ്റിയും പിടിച്ചുമാറ്റിയുമായിരുന്നു പൊലീസ് നടപടി. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തി റോഡ് അടക്കം കഴുകി. തൊട്ടുപിന്നാലെ ആംബുലൻസിൽ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരം തുടങ്ങി രണ്ടാഴ്‌ച പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉദ്യോഗാർത്ഥികൾക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീർഘിച്ചെന്ന സർക്കാർ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയിൽ നിന്നുളള പകുതിപ്പേർക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.