bus

കൊല്ലം: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോ പരിസരത്ത് നിന്ന് ഇന്നലെ പുലർച്ചെ കാണാതായ ബസ് രാവിലെ പത്തരയോടെ

പാരിപ്പള്ളി ജംഗ്ഷനിൽ കണ്ടെത്തി. ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ടീഷർട്ട് ധരിച്ച യുവാവ് കുണ്ടറ ഭാഗത്തേക്ക് ബസ് ഓടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തി. ഇയാളെ പൊലീസ് തെരയുകയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും മോഷണക്കുറ്റം ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നോയെന്നും സംശയമുണ്ട്. മൂന്ന് വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കൊട്ടാരക്കര - ഇലഞ്ഞിക്കോട് - കുണ്ടറ റൂട്ടിൽ സർവീസ് നടത്തുന്ന ആർ.എ.സി 354 (കെ.എൽ -15 7508) വേണാട് ഓർഡിനറി ബസാണ് കാണാതായത്. ‌ഞായറാഴ്ച രാത്രി 9.30ന് സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ ബസ് പരിശോധനയ്ക്ക് ശേഷം കൊട്ടാരക്കര മുനിസിപ്പൽ ഓഫീസിന് മുന്നിലാണ് പാർക്ക് ചെയ്തത്. കൊട്ടാരക്കര ഡിപ്പോയിലും ഗാരേജിലുമായി നൂറിനടുത്ത് ബസുകൾ പാർക്കുചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഇന്നലെ രാവിലെ 6.30 ഒാടെ ബസ് ഡ്രൈവർ ഗാരേജിൽ നിന്ന് മുനിസിപ്പൽ ഓഫീസിന് സമീപമെത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കൊട്ടാരക്കര പൊലീസ് സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ബസ് പാരിപ്പള്ളിയിലുണ്ടെന്ന് മനസിലായത്. പാരിപ്പള്ളി സർവീസ് നടത്തുന്ന കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറാണ് പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാതയോരത്തെ സൂപ്പർ മാർക്കറ്റിന് എതിർവശത്ത് ബസ് കണ്ടെത്തിയത്. കുണ്ടറ, കൊട്ടിയം വഴിയാണ് ബസ് ഇവിടേക്കെത്തിച്ചതെന്നാണ് കരുതുന്നത്. ഏകദേശം മുപ്പത് കിലോമീറ്ററോളം ബസ് ഓടിച്ച് പോയിട്ടുണ്ട്.

 താക്കോലില്ല, പകരം പുഷ് ബട്ടൺ

കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളൊഴികെ മറ്റൊന്നിനും താക്കോലില്ല. പുഷ് ബട്ടൺ ഉപയോഗിച്ചാണ് ഈ ബസുകൾ സ്റ്റാർട്ടാക്കുന്നത്. മൂന്ന് വർഷം മുൻപ് മദ്യലഹരിയിലായിരുന്ന യുവാവ് കൊല്ലം ഡിപ്പോയിൽ നിന്ന് ഫാസ്റ്റ് പാസഞ്ചർ ബസ് കടത്തിക്കൊണ്ടുപോയിരുന്നു. ചിന്നക്കടയിൽ വച്ച് ബസ് വളയ്ക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. ഇതോടെ സംശയം തോന്നിയ പൊലീസ് ബസ് പിടികൂടി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. അയാളെ പിന്നീട് അറസ്റ്റ് ചെയ്തു.