sachin-

മുംബയ് : വിദേശികൾ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടുന്നതിനെ എതിർത്തു കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ച സച്ചിൻ ഉൾപ്പടെയുള്ള താരങ്ങൾക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സർക്കാർ. സച്ചിന് പുറമേ ലതാ മങ്കേഷ്‌കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ ട്വീറ്റുകളിൻമേൽ അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇവരുടെ ട്വീറ്റുകൾക്ക് പിന്നിൽ ഏതെങ്കിലും ബാഹ്യസമ്മർദ്ദമുണ്ടോ എന്നണ് പരിശോധിക്കുക. കേന്ദ്രത്തെ അനുകൂലിച്ചു കൊണ്ടുള്ള ട്വീറ്റുകളിൽ പൊതുവായ പദങ്ങൾ കാണാനായെന്നും അതിന് പിന്നിൽ ബി ജെ പിയാണോ എന്ന സംശയമുണ്ടെന്നും കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പ്രസ്താവിച്ചു. കർഷക സമരത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തുവന്ന റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് സച്ചിനുൾപ്പടെയുള്ള പ്രമുഖർ പ്രതികരണവുമായി രംഗത്ത് വന്നത്.

രാജ്യത്തെ പ്രമുഖരെ വിരട്ടുകയാണെങ്കിൽ അവർക്ക് സുരക്ഷ നൽകണമെന്നും, അതിനായി താൻ ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്മുഖിനോട് സംസാരിച്ചുവെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവായ സച്ചിൻ സാവന്ത് പ്രതികരിച്ചു. തന്റെ ആവശ്യപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിനോട് അന്വേഷണം നടത്താൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.