
മുംബയ്: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിന് ബി.ജെ.പി നേതാവായ ശിരിഷ് കടേക്കറിനെ കരിഓയിലിൽ കുളിപ്പിച്ച് ശിവസേന പ്രവർത്തകരുടെ പ്രതിഷേധം. കൂടാതെ, പൊതുനിരത്തിലൂടെ നടത്തിയും സാരിയുടുപ്പിച്ചും ചെരുപ്പൂരിയടിച്ചും അപമാനിച്ചു. സോലാപുരിലാണ് സംഭവം. സംഭവത്തിൽ 17 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശിവസേന പ്രവർത്തകർ ശിരീഷിന്റെ തലവഴി കരിഓയിൽ ഒഴിക്കുന്നതും ഇയാളെ തെരുവിലൂടെ നടത്തിക്കുന്നതും പിന്നീട് നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇടക്ക് ഒരാൾ ചെരുപ്പൂരി ശിരിഷിനെ അടിക്കുന്നുണ്ട്. വീണ്ടും അടിക്കാൻ ശ്രമിക്കുന്ന ഇയാളെ മറ്റുള്ളവരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് തടയുന്നതും കാണാം. ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ശിരിഷിനെ കരിഓയിലിൽ കുളിപ്പിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ശിവസേന നേതാവ് പുരുഷോത്തം ബർഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു.