
ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി വി.കെ ശശികല തമിഴകകത്തേയ്ക്ക് തിരിച്ചെത്തി. ബംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കൊവിഡ് ചികിത്സയും കഴിഞ്ഞ് ഇന്നലെ രാവിലെ ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെ വാഹനവ്യൂഹം അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്നാട് അതിർത്തിയായ കൃഷ്ണഗിരിയിൽ എത്തിയ ശശികലയെ തടഞ്ഞ പൊലീസ് അഞ്ചു വാഹനങ്ങൾ മാത്രമേ കടത്തി വിടൂവെന്ന് അറിയിച്ചു. ഇത് കൂടാതെ, അണ്ണാഡിഎംകെ പതാക ഉപയോഗിക്കാനാകില്ലെന്ന് നിലപാട് എടുത്ത പൊലീസ് ശശികലയുടെ കാറിൽ നിന്ന് പതാക അഴിച്ചുമാറ്റി. ഇതോടെ, അണ്ണാ ഡി.എം.കെ പ്രവർത്തകന്റെ പാർട്ടി പാതകയുള്ള കാറിലേക്ക് മാറിക്കയറി യാത്ര തുടർന്നാണ് ശശികല തമിഴ്നാട്ടിലെത്തിയത്.
ശശികല അണ്ണാ ഡി.എം.കെ പതാക ഉപയോഗിക്കുന്നത് തമിഴ്നാട് സർക്കാർ എതിർത്തിരുന്നു. അണ്ണാ ഡി.എം.കെ ഹെഡ്‌ക്വാട്ടേഴ്സിലടക്കം ശശികലയ്ക്ക് ഇന്നലെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിർത്തികളിലടക്കം പൊലീസ് സുരക്ഷയും കർശമാക്കിയിരുന്നു.
ആയിരക്കണക്കിന് അനുയായികളാണ് ശശികലയെ വരവേൽക്കാൻ കാത്തിരുന്നത്. ശശികലയെ ‘രാജ മാതയായി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് അനുയായികൾ ചെന്നൈ നഗരത്തിൽ ഒരുക്കിയിരുന്നത്. അതിർത്തി മുതൽ 32 സ്ഥലങ്ങളിൽ സ്വീകരണവും ഒരുക്കി. കൃഷ്ണഗിരിയിലെ സ്വീകരണത്തിനിടെ ടോൾഗേറ്റിന് സമീപം രണ്ട് കാറുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ടോൾഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ കാറുകൾക്കാണ് തീ പിടിച്ചത്. റാലിക്കിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടർന്നതെന്നാണ് വിവരം.
അതേസമയം, ശശികലയ്ക്കൊപ്പം ജയിൽമോചിതയായ സഹോദര ഭാര്യ ഇളവരശിയും തമിഴ്നാട്ടിലെത്തി.