bus-terminal

തിരുവനന്തപുരം: ഐ.ടി നഗരമാണ്. നഗരത്തിലേക്കുള്ള പ്രവേശന കവാടമാണ്. സ്ഥലവുമുണ്ട് പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. ഒരു ബസ് ടെർമിനൽ എന്നത് ഇന്നും സ്വപ്‌നമാണ് കഴക്കൂട്ടത്തുകാർക്ക്. ഗതാഗത കുരുക്കിനും യാത്രാ ക്ലേശത്തിനും പരിഹാരമാകേണ്ട കഴക്കൂട്ടം ഹെടെക് ബസ് ടെർമിനൽ പദ്ധതി ഇപ്പോഴും വിസ്‌മൃതിയിലാണ്. 2016ൽ മുൻ യു.ഡി.എഫ് സർക്കാരാണ് കഴക്കൂട്ടം ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കാൻ തറക്കല്ലിട്ടത്. പിന്നീട് ഭരണം മാറി ഇടതു സർക്കാർ വന്നു. അപ്പോഴെങ്കിലും പണി തുടങ്ങുമെന്ന് കരുതി. പക്ഷേ,​ സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും വഞ്ചി തിരുനക്കരെ തന്നെ.

കഴക്കൂട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ടെക്നോപാർക്കിന്റെ കൈവശമുള്ളതും വെറുതെ കിടക്കുന്നതുമായ 1.83 ഏക്കർ സ്ഥലം ബസ് ടെർമിനലിനായി ട്രിഡയ്ക്ക് കൈമാറാൻ 2014 ൽ വ്യവസായ വകുപ്പ് ഉത്തരവിട്ടിരുന്നു. തെറ്റിയാറിന് സമീപത്തെ സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പായില്ലെങ്കിൽ സ്ഥലം പാർക്കിന് തിരിച്ചെടുക്കാമെന്നായിരുന്നു വ്യവസ്ഥ. 2010 ൽ പാർക്കിൽ ഫയർഫോഴ്സിന് കെട്ടിടം പണിയാൻ പാർക്ക് അധികൃതർ ഭൂമി നൽകിയിരുന്നു. എന്നാൽ, 4 വർഷം കഴിഞ്ഞിട്ടും കെട്ടിടം പണിയാത്തതിനാൽ ആ സ്ഥലം കൂടി ലഭ്യമാക്കിയാൽ ബസ് ടെർമിനലിനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താമെന്ന് 2015 ൽ ട്രിഡ സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് നടപടികളുമായി ട്രിഡ മുന്നോട്ടു പോയി. എന്നാൽ, അതിനിടയിൽ ഏക്കറിന് പതിനായിരം രൂപ ഇടാക്കി പാട്ടവ്യവസ്ഥയിൽ മാത്രമേ ഭൂമി ലഭ്യമാക്കാൻ കഴിയൂ എന്ന നിലപാട് പാർക്ക് അധികൃതർ കൈക്കൊണ്ടതോടെ പദ്ധതിയിൽ തർക്കം ഉടലെടുത്തു. എന്നാൽ, സർക്കാർ മുൻകൈയെടുത്ത് പരിഹാരം ഉണ്ടാവുകയും ബസ് ടെർമിനലിനും അനുബന്ധ വികസനങ്ങൾക്കുമായി 5 കോടിയും വാണിജ്യ കേന്ദ്രത്തിനും ഓഫിസിനും 7 കോടിയും വനിതാ ഹോസ്റ്റലിന് 3 കോടിയും ചേർത്ത് മൊത്തം 20 കോടി രൂപയുടെ പദ്ധതി നിർദ്ദേശമാണ് 2015ൽ ട്രിഡ സർക്കാരിന് നൽകിയത്. 2017 ൽ പദ്ധതി പൂർത്തീകരിക്കാനും തീരുമാനിച്ചിരുന്നു. തുടർന്ന് 12 കോടി രൂപ ചെലവിൽ ബസ് ടെർമിനലും വാണിജ്യ സമുച്ചയവും പണിയാൻ ഭരണാനുമതിയും നൽകി. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ബസ് ടെർമിനലിന് തറക്കല്ലിട്ടു. പക്ഷേ, ഇന്നും അത് സ്വപ്‌നമായി അവശേഷിക്കുന്നു.

 ടെക്കികളും ആവശ്യപ്പെടുന്നു

ഏതാണ്ട് 75,​000 ജീവനക്കാർ ടെക്നോപാർക്കിൽ ജോലി നോക്കുന്നുണ്ട്. മൂന്നാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ അത് ഒരു ലക്ഷം കവിയും. കുളത്തൂർ ഇൻഫോസിസ് മുതൽ പള്ളിപ്പുറം നിർദ്ദിഷ്ട ടെക്നോ സിറ്റി വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രോഗികളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേക്കും എത്തുന്ന ആംബുലൻസുകൾ ഈ ഗതാഗതക്കുരുക്കിൽ വലയുന്നത് സ്ഥിരം കാഴ്ചയാണ്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി കെ.എസ്.ആർ.ടി.സി ബസുകളാണ് ഇതുവഴി പോകുന്നത്. ടെക്‌നോപാർക്കിലെ നിരവധി ജീവനക്കാർ കെ.എസ്.ആർടി.സി ബസുകളെ ആശ്രയിക്കുന്നുണ്ട്. വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കഴക്കൂട്ടത്ത് എത്തിയാൽ ബസ് സ്റ്റോപ്പ് എവിടെയാണെന്നറിയാതെ അലയേണ്ട സ്ഥിതിയാണ്.