
കാമ്പ് നൂ : സ്പാനിഷ് ലാലിഗയിൽ ഇതിഹാസ താരം ലയണൽ മെസിയുടെ ചിറകിലേറി റയൽ ബെറ്റിസിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് ബാഴ്സലോണ ജയം പിടിച്ചെടുത്തു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മെസിയുടെ മികവിൽ ബാഴ്സ 3-2ന് വിജയം സ്വന്തമാക്കിയത്. മെസിയും ഫ്രാൻസിസ്കോ ട്രിൻകാവോയും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ബെറ്റിസിന്റെ വിക്ടർ റൂയിസിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽ എത്തി. ബോർജ ഇഗ്ലെസിയാസും വിക്ടർ റൂയിസുമാണ് ബെറ്റിസിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ബാഴ്സയ്ക്കായി. അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
നായകൻ മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് കോച്ച് കോമാൻ ഒന്നാം പകുതിയിൽ ബാഴ്സയെ കളത്തിലിറക്കിയത്.
38-ാം മിനിട്ടിൽ എമേഴ്സണിന്റെ പാസിൽ നിന്ന് ഇഗ്ലെസിയാസ് ബെറ്റിസിനെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയിലെ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ബെറ്റിസിന്റെ വിജയ പ്രതീക്ഷകൾ തകർക്കപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അമ്പത്തിയേഴാം മിനിട്ടിൽ റിക്കി പൂജിന് പകരക്കാരനായി മെസി കളത്തിലെത്തിയതോടെ കളിമാറി. ഒരു മിനിട്ടിനുള്ളിൽ തന്റെ ട്രേഡ് മാർക്കായ ഇടം കാൽ കൊണ്ടുള്ള ഷോട്ടിലൂടെ മെസി ബെറ്റിസ് വലകുലുക്കി. 68-ാം മിനിട്ടിൽ റൂയിസിന്റെ സെൽഫ് ഗോളിൽ ബാഴ്സ ലീഡെടുത്തു. 75-ാം മിനിട്ടിൽ നബീൽ ഫെക്കീറിന്റെ ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് ഗോളാക്കി റൂയിസ് തന്റെ സെൽഫ് ഗോളിന് പ്രായശ്ചിത്വമായി ബെറ്റിസിന് സമനില നൽകി. തുടർന്ന് മത്സരമവസാനിക്കാറാകവേ 87-ാം മിനട്ടിൽ മെസി നീട്ടി നൽകിയ പന്ത് ഗോളാക്കി ട്രിൻകാവോ ബാഴ്സയുടെ ജയമുറപ്പിക്കുകയായിരുന്നു