nasseruddin-shah

ന്യൂഡൽഹി: കർഷകസമര വിഷയത്തിൽ നിശബ്ദത പാലിക്കുകയും കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ എക്കാലത്തെയും അതുല്യ നടൻ നസറുദ്ദീൻ ഷാ. കർഷക സമരത്തിനെതിരെ കണ്ണടയ്ക്കാതെ അവർക്ക് പറയാനുള്ളത് കേൾക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചതുകൊണ്ട്, ഏഴു തലമുറയ്‌ക്ക് ആവശ്യമായതെല്ലാം സമ്പാദിച്ചുകഴിഞ്ഞ ബോളിവുഡിലെ സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം ചോദിക്കുന്നു.

'അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്.'-സിനിമാ മേഖലയിലെ പ്രശസ്തരെല്ലാം ഇപ്പോൾ പൂർണമായും നിശ്ശബ്ദരാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതേക്കുറിച്ച് സംസാരിച്ചാൽ എന്തൊക്കെയോ നഷ്ടപ്പെടുമെന്നാണ് തന്റെ സഹപ്രവർത്തകർ കരുതുന്നതെന്നും ഷാ പറയുന്നു. മൂന്നാഴ്ചകൾക്ക് മുമ്പ് 'കർവാൻ ഇ മൊഹബത്ത്' എന്ന വെബ്സൈറ്റിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കർഷക സമരവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങൾ പ്രതികരണമറിയിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

കർഷക സമര വിഷയത്തിൽ കർഷകരെ അനുകൂലിക്കുകയാണ് നടൻ ചെയ്തത്. അടുത്തിടെ, കർഷക സമരത്തെ ട്വിറ്റർ വഴി അമേരിക്കൻ പോപ്പ് ഗായിക റിഹാന അനുകൂലിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ സെലിബ്രിറ്റികളായ ലതാ മങ്കേഷ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് അഭിനേതാക്കൾ തുടങ്ങിയ നിരവധി പേർ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന നിലപാടുമായി രംഗത്ത് വന്നിരുന്നു. മൂന്ന് തവണ ദേശീയ അവാർഡ് നേടിയ നസറുദ്ദീൻ ഷാ പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചയാളാണ്.