sugathakumari

ആറന്മുള: കവയിത്രി സുഗതകുമാരിയുടെ ആറന്മുള വാഴുവേലിൽ തറവാട്ടിലെ കാവിലെ മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്തു. മുൻ എം.എൽ.എയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പദ്കുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളിൽ നിന്നും സമീപവാസികളിൽ നിന്നും മൊഴിയെടുത്തു.
പുരാവസ്തുവകുപ്പാണ് തറവാട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ സമർപ്പണ ചടങ്ങും സുഗതകുമാരി അനുസ്മരണവും തറവാട് മുറ്റത്താണ് നടന്നത്.ഇതിനിടെയാണ് കാവിലെ ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റിയതായി കണ്ടെത്തിയത്. കാവിൽ കരിങ്കല്ല് പാകുകയും ചെയ്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിൽ ഒരു വള്ളിപ്പടർപ്പിന്റെ മൂട് മാത്രമാണ് ഇപ്പോഴുള്ളത്. മരങ്ങളും മറ്റും നശിപ്പിച്ചുള്ള നവീകരണം വേണ്ടെന്ന് സുഗതകുമാരി പറഞ്ഞിരുന്നു. എല്ലാവർഷവും ഏപ്രിലിലാണ് കാവിൽ പൂജകൾ നടത്തിയിരുന്നത്. 2017ലാണ് പൂജയ്ക്കാണ് സുഗതകുമാരി അവസാനം തറവാട്ടിലെത്തിയത്.

കെ.സുരേന്ദ്രൻ ഇന്നെത്തും

സുഗതകുമാരിയുടെ തറവാട് ഇന്ന് രാവിലെ ഒൻപതരയോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സന്ദർശിക്കും. വെട്ടിത്തെളിച്ച കാവിന് മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ അദ്ദേഹം സംസാരിക്കും.