
വത്തിക്കാന്‍: കത്തോലിക്ക സഭയിൽ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാർപാപ്പ. ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടി (52)നെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്. 2019 മുതല്‍ സിനഡിലെ കണ്‍സൽട്ടന്റാണ് നതാലിയ. നതാലിയയ്ക്ക് വോട്ടവകാശവും ഉണ്ട്. മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയാണ് നതാലിയ. ചര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് അറിയിച്ചു. കഴിഞ്ഞ സിനഡ് യോഗങ്ങളില്‍ പ്രധാനികളായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ, ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. പോപ്പിന്റെ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.