qq

ആംസ്റ്റർഡാം: നെതർലൻഡിൽ കഴിഞ്ഞദിവസം ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയും തണുപ്പും കാരണം പ്രദേശത്തെ സ്കൂളും ചില കൊവിഡ് വാക്സിൻ സെന്ററുകളും അടച്ചുപൂട്ടി. കൊവിഡിനെത്തുടർന്ന് ഏഴ് ആഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം വീണ്ടും തുറന്നപ്പോഴാണ് മഞ്ഞുവീഴ്ചകാരണം വീണ്ടും അടച്ചുപൂട്ടൽ. ഒരു ദശകത്തിനിടെ നെത‌ർലൻഡിൽ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്. പകൽ സമയത്തെ താപനില മൈനസ് 6 ഡിഗ്രിയും രാത്രി സമയങ്ങളിൽ മൈനസ് 11 ഡിഗ്രിവരെയും താപനില താഴുമെന്ന് അധികൃതർ അറിയിച്ചു. ഹാർലെം, ആൽഫെൻ ആൻ ഡെൻ റിജൻ, ഡെൻ ഹെൽഡർ തുടങ്ങി എട്ട് പട്ടണങ്ങളിലെ കൊവിഡ് പരിശോധന കേന്ദ്രങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളും മഞ്ഞുവീഴ്ചകാരണം അടച്ചത്. കൊവിഡ് വൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷം തലസ്ഥാനമായ ആംസ്റ്റർഡാം, തുറമുഖ നഗരമായ റോട്ട‌ർഡാം എന്നീ സ്ഥലങ്ങളിൽ നിരവധി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത ആഴ്ചയോടെ മഞ്ഞുവീഴ്ചയും തണുപ്പും ഇനിയും ശക്തമാകാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പ്രദേശത്ത് ഐസ് കട്ടപിടിച്ചതോടെ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് ഐസ് സ്കേറ്റിംഗിന് ആളുകളെത്തുന്നുണ്ട്. പ്രദേശത്തെ 11 നഗരങ്ങളെ ഉൾപ്പെടുത്തി ഐസ് സ്കേറ്റിംഗ് മാരത്തൻ സംഘടിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാൽ അധികൃതർ ഈ വിവരം നിരസിച്ചു. ഐസ് സ്കേറ്റിംഗ് കാണാൻ കാണികൾ ഒത്തുകൂടിയാൽ കൊവിഡ് വൈറസ് അതിവേഗം പകരുമെന്ന ആശങ്കയും അധികൃതർ തള്ളിക്കളയുന്നില്ല.