
ഒന്നാം ടെസ്റ്ര് : അവസാന ദിനം ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 381 റൺസ്
ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ആകാംഷാഭരിതമായ ആന്ത്യത്തിലേക്ക്. ഇംഗ്ലണ്ടുയർത്തിയ 420 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് അവസാന ദിനമായ ഇന്ന് 9 വിക്കറ്റ് അവശേഷിക്കെ ജയിക്കാൻ 381 റൺസാണ് വേണ്ടത്.
ഇന്നലെ മുതൽ മികച്ച ടേൺ കിട്ടിത്തുടങ്ങിയ പിച്ചിൽ ജയത്തിനും തോൽവിക്കും സമനിലയ്ക്കും തുല്യ സാധ്യതയാണുള്ളത്. രോഹിത് ശർമ്മയുടെ വിക്കറ്റ് ഇതിനകം തന്നെ നഷ്ടപ്പെട്ട് ഇന്ത്യ നാലാം ദിനം സ്റ്റമ്പെെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 39/1 എന്ന നിലയിലാണ്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 337 റൺസിന് അവസാനിച്ചിരുന്നു. തുടർന്ന് ഇന്ത്യയെ ഫോളോൺ ചെയ്യിക്കാതെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റുമായി നിറഞ്ഞാടിയ ആർ.അശ്വിന്റെ നേതൃത്വത്തതിൽ ഇന്ത്യൻ ബൗളർമാർ 178ൽ ആൾ ഔട്ടാക്കി. സ്കോർ : ഇംഗ്ലണ്ട് 578/10, 178/10, ഇന്ത്യ 337/10, 39/1
സുന്ദരം സുന്ദർ
257/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ 85 റൺസുമായി പുറത്താകാതെ പൊരുതിയ വാഷിംഗ്ടൺ സുന്ദറാണ് 337വരെയെത്തിച്ചത്. 31 റൺസെടുത്ത് അശ്വിൻ സുന്ദറിന് മികച്ച പിന്തുണ നൽകി. ലീച്ചിന്റെ പന്തിൽ ബട്ട്ലർ പിടികൂടി അശ്വിൻ മടങ്ങുമ്പോൾ 7-ാം വിക്കറ്റിൽ നിർണായകമായ 80 റൺസ് കൂട്ടിച്ചേർത്തിരുന്നു.
പിന്നീടെത്തിയ ഷഹബാസ് നദീമും (0) ഇശാന്ത് ശർമ്മയും (4), ജസ്പ്രീത് ബുംറയും (0) സുന്ദറിന് പിന്തുണ നൽകുന്നതിൽ പരാജയപ്പെട്ടു. ഇന്നലത്തെ ഇന്ത്യൻ വിക്കറ്റുകൾ ലീച്ചും ആൻഡേഴ്സണും രണ്ടെണ്ണം വീതം നേടി പങ്കിട്ടെടുത്തു. 241 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇന്ത്യയെ ഫോളോൺ ചെയ്യിക്കാതെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങുകയായിരുന്നു.
അശ്വിൻ അടിപൊളി
ഇന്ത്യയ്ക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത അശ്വിൻ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഇംഗ്ലീഷ് ഓപ്പണർ റോറി ബേൺസിനെ സ്ലിപ്പിൽ അജിങ്ക്യ രഹാനെയുടെ കൈയിൽ എത്തിച്ച് വിക്കറ്റ്് വേട്ടയ്ക്ക് തുടക്കമിട്ടു. ഡാൻ ലോറൻസിനെ (18) വിക്കറ്റിന് മുന്നിൽ കുടുക്കി ഇശാന്ത് ശർമ്മ ടെസ്റ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസറായി. 40 റൺസെടുത്ത നായകൻ ജോ റൂട്ടാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.റൂട്ടിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ബേൺസിനെക്കൂടാതെ കഴിഞ്ഞ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടിയ ഡോം സിബ്ലി (16), ബെൻ സ്റ്റോക്സ് (7) ബെസ്സ് (25), ആർച്ചർ (5), ആൻഡേഴ്സൺ (0) എന്നിവരായിരുന്നു അശ്വിന് ഇരയായത്. നദീം രണ്ട് വിക്കറ്റ്് വീഴ്ത്തി.
രോഹിത് പോയി
ഇംഗ്ലണ്ടുയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെ (12) വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയാണ്. 15 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. അദ്യ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ മുതൽ മികച്ച ടേൺ ലഭിച്ച് തുടങ്ങിയതിനാൽ അവസാന ദിനത്തെ മത്സരം അവേശഭരിതമാകുമെന്നാണ് വിലയിരുത്തൽ.
ഇശാന്ത് @300
ടെസ്റ്ര് ക്രിക്കറ്റിൽ 300 വിക്കറ്ര് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ഇശാന്ത്. പേസർമാരിൽ മൂന്നാമനും. കപിൽ ദേവും സഹീർ ഖാനുമാണ് ഇതിനു മുമ്പ് 300 വിക്കറ്റ് തികച്ച ഇന്ത്യൻ പേസർമാർ.
98-ാമത്തെ ടെസ്റ്റിലാണ് ഇശാന്ത് മുന്നൂറ് വിക്കറ്ര് തികച്ചത്.
പന്താണ് താരം
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പുതുതായി തുടങ്ങിയ ഐ.സി.സി മെൻസ് പ്ലെയർ ഒഫ് ദി മന്ത് പുരസ്കാരത്തിന് ഇന്ത്യൻ വിക്കറ്ര് കീപ്പർ ബാറ്ര്സ്മാൻ റിഷഭ് പന്ത് ആദ്യ അവകാശിയായി.ഐ.സി.സി ട്വിറ്രറിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആസ്ട്രേലിയയിൽ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്ര് പരമ്പര വിജയത്തിന് മുഖ്യ പങ്കുവഹച്ച പ്രകടനങ്ങളാണ് പന്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മയിലാണ് വിമൻ പ്ലെയർ ഒഫ് ദി മന്ത്.
ചെന്നൈ ടെസ്റ്റിലെ മാച്ച് ഫീ ഉത്തരാഖണ്ഡിന്
ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് റിഷഭ് പന്ത് അറിയിച്ചു. തന്റെ ഔദ്യേഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 100- 150 പേർ മരിച്ചതായി സംശയിക്കുന്നു