
കൈറോ: കഴിഞ്ഞ നാല് വർഷമായി ഈജിപ്തിലെ ജയിലിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകൻ മഹ്‌മൂദ് ഹുസൈനെ(54) മോചിപ്പിച്ചു. രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്ന വാർത്തകളെഴുതാൻ വിദേശത്തുനിന്നും പണം കൈപ്പറ്റിയെന്ന് ആരോപിച്ച് 2016 ഡിസംബറിൽ അൽജസീറയുടെ മാദ്ധ്യമപ്രവർത്തകനായ മഹ്‌മൂദിനെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.
അഭിഭാഷകനെ അനുവദിക്കാതെ കോടതിയിൽ 15 മണിക്കൂർ വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. വിചാരണ പോലും നിഷേധിച്ച് നിരവധി തവണ തടങ്കൽ നീട്ടുകയും ചെയ്തു. എന്നാൽ, ഇതുവരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. അവധിദിനത്തിൽ കുടുംബത്തെ സന്ദർശിച്ചു മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്.