
തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണഫണ്ടിലേക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംഭാവന നൽകിയത് വിവാദമാകുന്നു. ആർ.എസ്.എസ് പ്രവർത്തകർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്.
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റർ ആർ.എസ്.എസ് പ്രവർത്തകർ എം.എൽ.എയ്ക്ക് കൈമാറുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ആർ.എസ്.എസ്സിനെ വളർത്താൻ താൻ കൂട്ടുനിൽക്കില്ലെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു.
അതേസമയം ചിത്രം വിവാദമായതോടെ പാർട്ടിയിൽ നിന്നും എൽദോസ് കുന്നപ്പള്ളിക്ക് സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുത്ത് നിൽക്കുമ്‌ബോഴാണ് എൽദോസ് കുന്നപ്പള്ളിയുടെ പേരിൽ വിവാദം ഉയരുന്നത്.