
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് സ്കർവി. ഇത് വിളർച്ച, ക്ഷീണം, കൈകാലുകളിൽ വേദന, ശരീരഭാഗങ്ങളിൽ വീക്കം, മോണയിൽ രക്തസ്രാവം, പല്ലുകൾക്ക് കേടുപാട്, ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കോശനിർമ്മാണത്തിന് പ്രധാന പങ്ക് വഹിക്കുന്ന കൊളാജൻ നിർമ്മിക്കുന്നതിന് വിറ്റാമിൻ സി ആവശ്യമാണ്.
ഇതിന്റെ അഭാവം രോഗപ്രതിരോധശേഷി, അയണിന്റെ ആഗിരണം, കൊളസ്ട്രോളിന്റെ അളവ് എന്നിവയെയും ശാരീരിക പ്രവർത്തനങ്ങളേയും ബാധിക്കും. ആദ്യ ലക്ഷണങ്ങളിൽ വിശപ്പ് കുറയൽ, ശരീരഭാരം കുറയൽ, ക്ഷീണം, അകാരണമായ ദേഷ്യം, അലസത എന്നിവ കാണപ്പെടുന്നു.
തുടർന്ന് വിളർച്ച, അസ്ഥിവേദന ഉൾപ്പെടെയുള്ള നീർവീക്കം, മോണരോഗം, ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടാം. നാരങ്ങ, ഓറഞ്ച്, തുടങ്ങി നാരങ്ങാ വർഗത്തിലുള്ള ഫലങ്ങളിലും,മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക, ഇലക്കറികൾ എന്നിവയിലും വിറ്റാമിൻ സി ധാരാളമായുണ്ട്. ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തി സ്‌കർവിയെ തടയാം.