uttarakhand-

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 32 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിവരെ 26 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടസ്ഥലത്തിന് കുറച്ച് അകലെ നിന്നാണ് മൃതദേഹങ്ങളിൽ പലതും കണ്ടെത്തിയത്. അതിനാൽത്തന്നെ വലിയ തിരച്ചിൽ വേണ്ടിവരുമെന്ന് എൻ ഡി ആർ എഫ് ഡയറക്ടർ അറിയിച്ചു.

അതേസമയം കാണാതായവരുടെ എണ്ണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 197 പേരെ കണ്ടെത്താനുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. എന്നാൽ 171 പേരെ മാത്രമേ കണ്ടെത്താനുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

ഋഷിഗംഗ പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള 900 മീറ്റര്‍ നീളമുളള തുരങ്കത്തിലും, വിഷ്ണുഗഡ് പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള രണ്ടര കിലോമീറ്റര്‍ നീളമുളള തുരങ്കത്തിലുമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.


അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാൽ തുടങ്ങിയവർ ദുരന്തമുഖം സന്ദർശിച്ചിരുന്നു. അടിയന്തര സഹായത്തിന് സംസ്ഥാന സർക്കാർ 20 കോടി രൂപ പ്രഖ്യാപിച്ചു.