
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർത്ഥികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. സമരത്തിനു പിന്നിൽ പ്രതിപക്ഷമാണെന്നും, മനപൂർവം കുത്തിപ്പൊക്കി ഇളക്കിവിടുന്ന സമരമാണെന്നും അദ്ദേഹം ആരോപിച്ചു.
യു ഡി എഫ് പ്രേരണയിൽ ചില ഉദ്യോഗാർത്ഥികൾ കരുക്കളായി മാറുകയാണെന്ന് തോമസ് ഐസക് വിമർശിച്ചു.ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത് എൽ ഡി എഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. റാങ്ക് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ടെന്ന സർക്കാർ പ്രഖ്യാപനം തട്ടിപ്പാണെന്നും, റാങ്ക് പട്ടികയിൽ നിന്നുളള പകുതിപ്പേർക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.