mani-c-kappan

കോട്ടയം: ഇടതുതറയിൽ തന്നെ നിൽക്കുമോ വലത്തോട്ട് ചായുമോയെന്നറിയാതെ ചാഞ്ചാടി നിൽക്കുന്ന മാണി സി കാപ്പനെ യു ഡി എഫിലെത്തിക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകളും നീക്കങ്ങളുമാണ് യു ഡി എഫ് ക്യാമ്പിൽ നടക്കുന്നത്. ഇടതുമുന്നണിയിൽ തുടരാൻ താത്പര്യമില്ലാത്ത കാപ്പൻ ഇതുവരെ തന്റെ മുന്നണി മാറ്റത്തെ സംബന്ധിച്ച് അഭിപ്രായം തുറന്നുപറഞ്ഞിട്ടില്ല. ഐ, എ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളും ജോസഫ് ഗ്രൂപ്പുമാണ് കാപ്പനുമായി ചർച്ച നടത്തുന്നത്. പാലാ സീറ്റിന്റെ കാര്യത്തിൽ യു ഡി എഫിൽ നിന്ന് അദ്ദേഹത്തിന് ഉറപ്പും ലഭിച്ചിട്ടുണ്ട്. എൻ സി പി വരുന്നില്ലെങ്കിൽ വേണ്ട കാപ്പൻ വരട്ടെയെന്നാണ് കോൺഗ്രസ് നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്ര ദിവസങ്ങൾക്കുളളിൽ കോട്ടയം ജില്ലയിലെത്തും. അന്ന് തന്നെ കാപ്പന്റെ യു ഡി എഫ് പ്രവേശനം ഉണ്ടാവും. യു ഡി എഫിലേക്ക് തന്നെയാണെന്നാണ് കാപ്പനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. ചെന്നിത്തലയുടെ യാത്ര 14നാണ് കോട്ടയത്ത് എത്തുന്നത്. അതേസമയം ഇടതുമുന്നണിക്ക് കാപ്പൻ പോകുന്നെങ്കിൽ പോകട്ടെയെന്നാണ്. പാലാ സീറ്റ് പിടിച്ച കാപ്പനെ ഒപ്പം നിർത്തണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ വികാരം.

ചെന്നിത്തലയുടെ യാത്രയിൽ കാപ്പനും ഉണ്ടായാൽ അത് കോട്ടയം ജില്ലയിൽ മൊത്തം വലിയ തരംഗമുണ്ടാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പാലാ സീറ്റ് ജോസഫ് കാപ്പനായി വിട്ടുകൊടുക്കും. യു ഡി എഫ് വോട്ടും കാപ്പന്റെ വ്യക്തിപരമായ വോട്ടും ചേരുമ്പോൾ പാലാ സീറ്റ് പിടിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. ജോസഫിന്റെ പിന്തുണയും ക്രിസ്‌ത്യൻ വോട്ടുകളും കാപ്പനെ വിജയിപ്പിക്കുന്നതിൽ നിർണായകമായി മാറുമെന്നാണ് കോൺഗ്രസ് കരുതുന്നത്.

മുന്നണി മാറ്റത്തിന്റെ സൂചന നൽകി മണ്ഡലത്തിൽ നടത്താനിരുന്നു വികസന ജാഥ ഉൾപ്പടെ കാപ്പൻ മാറ്റിവച്ചിട്ടുണ്ട്. തന്റെ നിലപാട് ശരദ് പവാറിനെയും നേതൃത്വത്തെയും അറിയിക്കാൻ കാപ്പൻ ഡൽഹിയിലെത്തിയിട്ടുണ്ട്. ശരദ് പവാർ കൂടെ നിന്നാൽ കാപ്പൻ യു ഡി എഫിലേക്ക് പോകും. ഇനി അദ്ദേഹം പിന്തുണച്ചില്ലെങ്കിൽ എൻ സി പിയിൽ പിളർപ്പും ഉണ്ടാകും. അതിന് തന്നെയാണ് സാദ്ധ്യത കൂടുതൽ. പക്ഷേ എൻ സി പിയുടെ ശക്തി കാപ്പൻ പോയാലും ചോരില്ല. ഇടതുപക്ഷ വോട്ടുകളാണ് അവരെ ശക്തിപ്പെടുത്തുന്നത്.

എൻ സി പി എന്തായാലും ഇടതുമുന്നണി വിടാൻ ആഗ്രഹിക്കുന്നില്ല. പാലായ്‌ക്ക് പകരം മറ്റേതെങ്കിലും സീറ്റ് കിട്ടി ഇടതുമുന്നണിയിൽ തന്നെ തുടർന്നാലും പ്രശ്‌നമുണ്ടെന്നാണ് കാപ്പന്റെ നിലപാട്. സി പി എം തന്നെ പാലംവലിക്കുമോയെന്ന് കാപ്പന് ആശങ്കയുണ്ട്. തോൽക്കുന്നതിനെക്കാൾ യു ഡി എഫിൽ പോകുന്നതാണ് നല്ലതെന്നാണ് കാപ്പൻ കരുന്നത്. നിലവിൽ എൻ സി പിയുമായി ചർച്ച നീട്ടിക്കൊണ്ടുപോകാനാണ് സി പി എമ്മിന്റെ ശ്രമം.