deepu-sidhu

ന്യൂഡൽഹി: ചെങ്കോട്ടയിലെ സംഘർഷത്തിൽ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റിലായി. ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. സിദ്ദുവിനേയും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്‌ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്.

ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്‌ടം വരുത്തുകയും സിഖ് പതാക ഉയർത്തുകയും ചെയ്‌തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്.

ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാദ്ധ്യമങ്ങളിൽ ദീപ് സിദ്ദുവിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുളള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം. കർഷക നേതാക്കൾക്കെതിരെയും ഡൽഹി പൊലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ദു സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ദീപ് സിദ്ദുവിന്റെ പെൺസുഹൃത്താണ് വിഡിയോ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

കർഷക നേതാക്കളുടെ രഹസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപ്പാടുപെടുമെന്നും ദീപ് സിദ്ദു ഭീഷണിപ്പെടുത്തിയിരുന്നു. നടന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ദു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിപ്പിച്ച് സമരം അക്രമസക്തമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.