jayasurya

കണ്ണൂർ: വെള്ളം സിനിമയുടെ വ്യാജപതിപ്പ് വീടുകളിലെത്തി മുടക്കുമുതൽ വെള്ളത്തിലാകുന്ന കഥ പറയാൻ വേണ്ടിയാണ് തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ മുരളി കുന്നുംപുറത്ത് കണ്ണൂർ പ്രസ് ക്ലബിലെത്തിയത്. എന്നാൽ നിർമ്മാതാക്കളുടെ ആശങ്കകൾ പങ്കുവച്ച അദ്ദേഹം ആകസ്മികമായി പറഞ്ഞുകയറിയത് നാലു കാലിൽ കഴിഞ്ഞ തന്റെ പഴയ ജീവിതത്തിലേക്കാണ്. ആരും പറയാൻ മടിക്കുന്ന നാണക്കേടിന്റെ കഥ വെള്ളം പോലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറക്കുകയായിരുന്നു മുരളി.

തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിലെ ഒറിജിനൽ നായകനാണ് മുരളി കുന്നുംപുറത്ത് എന്ന മുരളിദാസ്. നാട്ടുകാർക്ക് പതിവ് തലവേദനയായ ആളിൽ നിന്ന് ജീവിതം അവിശ്വസനീയമാംവിധം തിരിച്ചുപിടിച്ചതിന്റെ കഥയാണ് 'വെള്ളം' . മറക്കാനാഗ്രഹിക്കുന്ന ജീവിതപരിസരങ്ങൾക്ക് സിനിമയുടെ ഭാഷയും ഭാവനയും സംവിധായകൻ പ്രജേഷ് സെൻ ചേർത്തു. മുരളിയുടെ വെറുക്കപ്പെട്ട ഭൂതകാലവും മാതൃകയാക്കാവുന്ന വർത്തമാനവും ജയസൂര്യ ഭംഗിയായി അവതരിപ്പിച്ചു. സുഹൃത്തുക്കളായ വിജേഷ് വിശ്വവും ഷംസുദ്ദീൻ കുട്ടോത്തും മുരളിയുടെ കഥ പ്രജേഷ് സെന്നിനോട് പറഞ്ഞതോടെ മുരളിയുടെ ജീവിതം പച്ചവെള്ളം പോലെ സത്യസന്ധമായി അവതരിപ്പിക്കപ്പെട്ടു.

ജീവിതം=മദ്യം
രണ്ടായിരത്തിന്റെ തുടക്കത്തിൽ മദ്യത്തിനു വേണ്ടി മാത്രമായിരുന്നു മുരളിക്ക് ജീവിതം. നാണക്കേടു കൊണ്ട് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥ. മദ്യപിക്കാൻ വേണ്ടി മാത്രം എന്തെങ്കിലും ജോലിയെടുക്കും. ഒടുവിൽ അച്ഛന് വീടു വിൽക്കേണ്ടിവന്നു. വീടു വിറ്റവകയിലുള്ള ഓഹരിയായി കൊടുത്ത പണവും മകൻ കുടിച്ചുതീർത്തു.

പിന്നീടുള്ള ജീവിതം കോഴിക്കോട്ടെ തെരുവിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും. രാത്രി പൊലീസ് ആട്ടിപ്പായിക്കും. പിറ്റേദിവസവും ഓരോ കടയിലും യാചിക്കും. അഞ്ചുദിവസത്തെ തുടർച്ചയായ മദ്യപാനം കാരണം ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറായ തൃച്ചംബരത്തെ ഗിരീഷിനെ കാണുന്നത്. അദ്ദേഹം അന്ന് വാങ്ങിക്കൊടുത്ത ഭക്ഷണം ജീവിതത്തിൽ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ളതായിരുന്നുവെന്ന് മുരളി പറയുന്നു. തിരിച്ചുപോകുമ്പോൾ അദ്ദേഹം കൂടെക്കൂട്ടി. വീണ്ടും തളിപ്പറമ്പിൽ.

വീട് ഭാഗം വെച്ചുകിട്ടിയ മൂന്നു ലക്ഷത്തോളം രൂപ മുഴുവൻ കുടിച്ചു തീർത്തു. വിറ്റവീടിന്റെ ഇരുട്ടിൽ രണ്ടു ദിവസം കിണർവെള്ളം മാത്രം കുടിച്ചു കിടന്നു. മൂന്നാംദിവസം വൈകിട്ട് അനന്തരവൻ ഭക്ഷണവുമായെത്തി. 200 രൂപ കൊടുത്ത അമ്മ കോഴിക്കോട്ട് പോയി ഡോക്ടറെ കാണാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങി. തളിപ്പറമ്പിൽ അവധിയായതിനാൽ നേരെ കണ്ണൂരിലേക്ക്. യാത്രയുടെ ഇടയിൽ മനസുമാറി. കോഴിക്കോട്ടേക്കുള്ള ബസിൽ കയറി.

ടൈൽസ് കയറ്റുമതിയിൽ നമ്പർ വൺ

ജീവിതം മാറ്റിമറിച്ച മദ്യപാനം നിർത്തിയതോടെ മുരളി ബിസിനസിലേക്ക് കടന്നു. ഇന്ന് ടൈൽസ് കയറ്റുമതിയിൽ പ്രമുഖനാണ്. 59 രാജ്യങ്ങളിൽ മുരളി ബിസിനസ് യാത്ര നടത്തി. ഒരു തുള്ളി കുടിക്കണമെന്ന് പിന്നീട് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു