saritha

തിരുവനന്തപുരം: സി പി എമ്മിന് തന്നെ പേടിയാണെന്ന് സരിത എസ് നായർ. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ എന്ന യുവാവിനോടാണ് സരിതയുടെ അവകാശവാദം. തൊഴിൽ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്‌ദരേഖയിലാണ് ഇക്കാര്യം പറയുന്നത്. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പാർട്ടിക്കും ഉദ്യോഗസ്ഥർക്കുമായി പണം പങ്കുവയ്‌ക്കും. സി പി എം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത പറയുന്നു.

സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നും സരിത അവകാശപ്പെടുന്നുണ്ട്. നിയമനങ്ങൾക്ക് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് ധാരണയെന്നും സരിത അരുണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു.

ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ശബ്‌ദരേഖയുണ്ടെങ്കിലും ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയ്ക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. കെ ടി ഡി സിയിലും ബെവ്കോയിലും ജോലി വാഗ്ദ്ധാനം ചെയ്‌ത് നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്നു സരിതയും കൂട്ടരും പതിന്നാല് ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് പരാതി.

അതേസമയം, ശബ്‌ദരേഖ തന്റേതല്ലെന്നാണ് സരിതയുടെ നിലപാട്. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു.