sabarimala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമലയിൽ സി പി എമ്മിന്റെ നിർണായക ചുവടുമാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സി പി എം നിലപാട് മാറ്റുന്നത്. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്‌ത വീക്ഷണങ്ങൾ കണക്കിലെടുത്തേ പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തിൽ നടപ്പാക്കുകയെന്നും എം എ ബേബി പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം പാർട്ടിയെടുക്കുന്ന സമീപനം ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ ബലാത്ക്കാരമായി നടപ്പാക്കാൻ ശ്രമിക്കില്ല. ആ സമീപനം കമ്മ്യൂണിസ്റ്റുകാർക്കില്ല. ഇടത് സർക്കാരാണ് തുടർന്ന് അധികാരത്തിൽ വരുന്നതെങ്കിൽ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീ തുല്യതയ്‌ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊളളുന്നതെന്ന് ബേബി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കോൺഗ്രസും ബി ജെ പിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുളള പരാമർശത്തിൽ എം വി ഗോവിന്ദനെ പിന്തുണച്ച എം എ ബേബി, മാദ്ധ്യമങ്ങളെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. നീണ്ട പ്രസംഗത്തിൽ ചിലഭാഗം മാത്രമെടുത്താണ് ചർച്ചകളും വിശകലനങ്ങളും നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഓരോ രാജ്യത്തെയും സവിശേഷതകൾക്കനുസരിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും ഇതാണ് ഇന്ത്യൻ സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. മതവിശ്വാസവും ദൈവവിശ്വാസവും കമ്മ്യൂണിസ്റ്റുകൾക്ക് നിഷിദ്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.