
എത്രതവണ കണ്ടാലും മതിവരാത്ത അപൂർവം സിനിമകളേ മലയാളത്തിലുള്ളൂ. സ്ഫടികം എന്ന ചിത്രം ആ ഗണത്തിൽ മുന്നിലാണ്. ആടുതോമയും ചാക്കോ മാഷും അത്രയ‌്‌ക്കധികം പ്രേക്ഷകനെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ‌്ത് 26 വർഷങ്ങൾ പിന്നിടുമ്പോഴും സ്ഫടികത്തിന്റെ തിളക്കത്തിന് മാറ്റുകുറയാത്തതിന് കാരണവും അതുതന്നെ. എന്നാൽ ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുതിയൊരു വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്.
നോട്ടം കൊണ്ടുപോലും ആളെ വിറപ്പിക്കുന്ന ചാക്കോ മാഷിനെ കടുവയെന്ന് പരസ്യമായി വിളിക്കുന്ന ഒരു കഥാപാത്രം സ്ഫടികത്തിലുണ്ട്. ആടുതോമ കൂട്ടിലിട്ട് വളർത്തുന്ന മൈന. കടുവ...കടുവ...എന്ന് തോമ പറയുന്നത് ഉറക്കെ ആവർത്തിക്കുന്ന മൈന. ആ കടുവാ വിളിക്ക് പിന്നിലെ ശബ്‌ദം, യഥാർത്ഥത്തിൽ പ്രശസ്‌തനായ ഒരു സംവിധായകന്റെതാണ്. ആലപ്പി അഷ്‌റഫ് ആയിരുന്നു മൈനയ‌്ക്ക് വേണ്ടി ശബ്‌ദം നൽകിയത്.
ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ-
'സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എൻ്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനന്നോ... ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല.. പിന്നയോ.. ? അതിലെ അതികായകനായ ചാക്കോ മാഷ്നെ " കടുവാ കടുവാ " എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു. സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു. ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു . റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു . മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്. സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി . അവരും എന്നെ വിളിച്ചു . ഈ കിളിയുടെ ശബ്ദം ചെയ്യാൻ, "ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. " മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു. ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം. കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ "കരടി കരടി " എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല'. ആലപ്പി അഷറഫ്
സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എൻ്റെ പേര്...
Posted by Alleppey Ashraf on Monday, 8 February 2021