
ഹൈദരാബാദ് : കെട്ടിട നിർമ്മാണത്തിന് തടസമായി നിന്ന നാൽപ്പത്തി രണ്ട് വർഷത്തോളം പഴക്കമുള്ള കൂറ്റൻ വേപ്പ് മുറിച്ചതിന് 62000 രൂപയുടെ പിഴ ചുമത്തി വനം വകുപ്പ്. ഹൈദരാബാദിന് സമീപം സൈദാബാദിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് വേപ്പ് മരം മുറിച്ചതിനെതിരെ വനം വകുപ്പിന് പരാതി നൽകിയത്. മരം മുറിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എട്ടാം ക്ലാസുകാരൻ വനം വകുപ്പിന്റെ നമ്പരിൽ വിളിച്ച് പറയുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നാലു പതിറ്റാണ്ട് പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. അനുമതിയില്ലാതെ മരം മുറിച്ചതിനാണ് വനം വകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്. 62,075 രൂപ പിഴ ചുമത്തിയത്. മരം മുറിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് എട്ടാം ക്ലാസുകാരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.