
പ്രതീക്ഷയുടെ പുത്തനുണർവുകൾ
തിരി തെളിയിച്ചെടുക്കുവാൻ
പുതുവത്സരത്തിലേക്ക് ഒരു നവയാത്ര...
ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും
പൊരുത്തങ്ങളും പൊരുത്തക്കേടുകളും
ഇല്ലായ്മകളും വല്ലായ്മകളും
നിറവുകളും ശൂന്യതകളും
ഒക്കെ... ഒരു തൂവൽസ്പർശത്തിന്റെ
നനുനനുത്ത സ്പന്ദനങ്ങൾ പോലെ
അസ്തമിക്കുന്ന നിലാവിൽ മറഞ്ഞു
പ്രതീക്ഷയുടെയും വഴിത്തിരിവിന്റെയും
സംഖ്യയായി കാലങ്ങൾക്കു മുമ്പ്
മനസിൽ സ്വരൂപിച്ചെടുത്ത അങ്കക്കൂട്ടുകൾ....
എന്തായിരുന്നു എന്റെ നാടിന്റെ മണ്ണിടങ്ങളിൽ
പാദമൂന്നാൻ കഴിയാതെ പോയൊരാക്കാലം
അമ്പലമുറ്റത്തെ തണൽമരങ്ങളുടെ
നനുനനുത്ത കാറ്റുകളിലെ
പ്രകൃതിയുടെ ഗന്ധം മുകരാൻ കഴിഞ്ഞില്ല.
ചിലമ്പിച്ച മണിയൊച്ചകളുടെ
ആർപ്പുകൾക്കിടയിൽ
നെയ്തിരിവെട്ടത്തിൽ മിന്നിത്തിളങ്ങുന്ന
വിശ്വാസത്തിന്റെ ഛായാ ബിംബങ്ങളെ
ഒരുനോക്കു കാണാൻ കഴിഞ്ഞില്ല...
വാസന്തവും ഗ്രീഷ്മവും ശിശിരവും ഹേമന്തവും
തെളിയിച്ചെടുക്കുന്ന കാലങ്ങളുടെ ഭിന്നതയും
നാട്ടുഗന്ധങ്ങളുടെ ഊഷ്മളതയും
അനുഭവവേദ്യമാവാതെ പോയ
ഒരു പൂർണ്ണകാലം.
വെൺനിലാവിലെ നിറതിങ്കൾ കലയെ നോക്കി
മഞ്ഞുപെരുകുന്ന രാവുകളിൽ
ഒറ്റയ്ക്കിരിക്കാൻ ഒരുവേളപോലുമായതുമില്ല...
പ്രണയം വിരിയും കരിമിഴിയിണകളെ നോക്കി
വാർമുടിച്ചാർത്തിലൂടെയൊരു ഗമനം
പിന്നെയും പിന്നെയും ദൂരത്തുതന്നെയായി...
തിരുനെറ്റിത്തടങ്ങളിൽ വിരൽതൊട്ടമർത്തി
മുത്തിത്തഴുകുന്നൊരമ്മയേയും
ഒരു നോട്ടത്തിലൂടെന്നിൽ കരുതലിൻ
കരതലം മുറുക്കുന്നൊരച്ഛനേയും
അരികത്തിരുന്നു ഞാൻ കണ്ടതില്ല
ജന്മഗന്ധങ്ങളെന്നെ തഴുകിയുമില്ല
പോയ കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകളിൽ
വേറിട്ട ഒരു കലികാലം ലോകത്തിനു മുമ്പിൽ
കൂട്ടുകൂടലുകളെ വേറിട്ട അകലങ്ങളിലായി
മാറ്റിനിറുത്തിയ ഒരു പുത്തൻ പുതുകാലം.
ഓർമയിൽ എന്നും കാത്തുസൂക്ഷിക്കാം
പോയൊരാ വേറിട്ട കാലത്തെ...