
ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ 26 പേർ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇരുന്നൂറിലേറെ പേരെ കാണാതായി. ഇതിൽ 170 പേർ തപോവൻ ജലവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന രണ്ട് തുരങ്കങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി രാപ്പകൽ ഭേദമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തമുണ്ടായി നിമിഷങ്ങൾക്കകം തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു കൈയായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി സൈന്യത്തെ രംഗത്തിറക്കുകയും ചെയ്തു.
ചമോലിയിലെ പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള യന്ത്രസാമഗ്രികളും എൻ ഡി ആർ എഫ് അടക്കമുള്ള സേനകളെയും ദുരന്തഭൂമിയിലെത്തിക്കാൻ സഹായകമായത് അമേരിക്കയിൽ നിന്നും അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ ചിനൂക്ക് ഹെലികോപ്ടറുകളാണ്. ലഡാക്കിൽ ചൈനയുമായി മുഖാമുഖം എതിർപ്പ് ആരംഭിച്ച ഘട്ടത്തിലാണ് ചിനൂക്കിനെ ആദ്യമായി ഇന്ത്യ ഉപയോഗിക്കുന്നത്. ഹെവി എയർ ലിഫ്റ്റിംഗ് വിഭാഗത്തിൽ പെടുന്ന ഈ ഹെലികോപ്ടറുകൾ ഉപയോഗിച്ചാണ് ടാങ്കുകളും പീരങ്കികളും അടക്കമുള്ള ഭീമൻ ആയുധങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ ലഡാക്കിലെ മലനിരകളിൽ വിന്യസിക്കുവാൻ ഇന്ത്യയ്ക്കായത്. ഈ ആയുധ വിന്യാസത്തിന്റെ ബലത്തിലാണ് ചൈനയുടെ ഭീഷണിക്ക് വഴങ്ങാതെ അവരെ നിലയ്ക്ക് നിർത്തുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.