
പൃഥ്വി എന്നെ പുറകോട്ട് വലിച്ചു.
''അയാൾ ഇതുവഴി പുറത്തേയക്കുവരും. വാതിൽ തുറക്കുമ്പോൾ നേരിടാൻ തയ്യാറായി നിൽക്കണം. ""
അദ്ദേഹം കാതിൽ പറഞ്ഞു.
''മുൻ വാതിലിലൂടെ രക്ഷപ്പെട്ടാലോ?""
ഞാൻ എന്റെ സംശയം ചോദിച്ചു.
''സാദ്ധ്യതയില്ല. അയാൾ അടുക്കളവാതിൽ തുറന്നുവച്ചിട്ടുണ്ട്. ഇനി അഥവാ അങ്ങനെ സംഭവിച്ചാൽ ഇൻസ്പെക്ടറും പാർട്ടിയും ബാക്കി നോക്കിക്കൊള്ളും.""
ഞാൻ പിസ്റ്റൾ കൈയിലെടുത്തു.
അകത്ത് ശബ്ദം നിലച്ചു. ഞാൻ വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അയാൾ കിളച്ചുമറിച്ച മണ്ണിനടയിൽ നിന്ന് എന്തോ വലിച്ചു പുറത്തെടുക്കുന്നതു കണ്ടു. ഞങ്ങൾ അടുക്കള വാതിലിനരികിലേക്ക് മാറി തയ്യാറായി നിന്നു. അല്പസമയത്തിനകം വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മുന്നിൽ നിന്ന പൃഥ്വി എനിക്ക് സിഗ്നൽ തന്നു. ഞാൻ തോക്കുയർത്തിയ അതേ കഷണത്തിൽ അദ്ദേഹത്തിന്റെ ടോർച്ച് തെളിഞ്ഞു.
നെഞ്ചോടു ചേർത്തുപിടിച്ച പൊതിയുമായി ആ കറുത്തരൂപം ഞങ്ങളെ കണ്ട് നിന്ന നില്പിൽ വിറങ്ങലിച്ചു.
''അനങ്ങിപ്പോകരുത്!""
പൃഥ്വിയുടെ ശബ്ദം ഇടിമുഴക്കം പോലെ ഉയർന്നു. ഉയർത്തിപ്പിടിച്ച തോക്കുമായി നിൽക്കുന്ന എന്നെ കണ്ടതോടെ അയാളുടെ നല്ല ജീവൻ പോയിക്കാണണം, കൈയിലുളള പൊതി താഴേക്കൂർന്നു വീണു. പൃഥ്വി എന്റെ കൈയിൽ നിന്നും തോക്കു വാങ്ങി.
''ഉണ്ണീ, അയാളെ പരിശോധിക്കൂ!""
അദ്ദേഹം എനിക്ക് നിർദ്ദേശം നൽകി.
അയാളെ പരിശോധിച്ചപ്പോൾ അരയിൽ തിരുകിവച്ച യു.എസ്. എം. സി ഫൈറ്റിംഗ് കഠാരയും പോക്കറ്റിൽ നിന്ന് അമേരിക്കൻനിർമ്മിതമായ കിംബർ 1911 പിസ്റ്റളും കിട്ടി. ഏറ്റവും ആധുനികമായ ആയുധങ്ങൾ!
''ഇനി ആ മാസ്ക് മാറ്റൂ...""
അയാളെ നിരായുധനാക്കിയപ്പോഴേക്കും പൃഥ്വിയുടെ അടുത്ത നിർദ്ദേശം വന്നു. അപ്പോഴേയ്ക്കും മാധാവൻനായർ ഞങ്ങളുടെ അടുത്തെത്തി. ഞാൻ അയാളുടെ മുഖാവരണം തലവഴിവലിച്ചൂരി.
''എന്റീശ്വരാ!"" മാധവൻ നായർ അത്ഭുതസ്തബ്ധനായി.
''ഇതയാളാണ് സാർ, ആ ജഗന്നാഥൻ സാർ""
''ഞാനത് നേരത്തെ ഊഹിച്ചു.""
പൃഥ്വിയുടെ ചുണ്ടിൽ ചിരി വിടർന്നു.
''കൃത്രിമത്താടികൂടി വച്ചുപിടിപ്പിച്ചാൽ നിങ്ങളുടെ വൈഫ് പറഞ്ഞ ചതുപ്പിലെ ശലഭ നിരീക്ഷകൻ അയാൾ തന്നെ...ആൻ ഇന്റലിജന്റ് തീഫ് വെൽകം മി. ഇബ്രാഹിം അഹമ്മദ്! നിങ്ങളുടെ പദ്ധതികൾ പാതിവഴിയിൽ തടസപ്പെട്ടതിൽ അതിയായി ഖേദിക്കുന്നു.""
''ങേ! ഇബ്രാഹിം അഹമ്മദോ! അപ്പോൾ സാറിയാളെ അറിയോ?""
നായർ മിഴിച്ചുനോക്കി.
''പറഞ്ഞാൽ കക്ഷിയെ നിങ്ങളെല്ലാവരും അറിയും. അഞ്ചുവർഷം മുമ്പ് നഗരത്തിലെ രാജധാനി ജ്വല്ലറിയിൽ നടന്നവൻ കവർച്ചക്കേസിലെ ഏകപ്രതി ഇബ്രാഹിം അഹമ്മദ്!""
അതുകേട്ടതും അയാൾ തിരിഞ്ഞ് അടുത്ത മുറിയിലേക്കോടി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി. പക്ഷേ, അയാളുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്ന പൃഥ്വി മിന്നൽപോലെ അയാളുടെ നേരെ ചാടി വീണു.
''സ്റ്റോപ്പ് ദേർ! രക്ഷപ്പെടാൻ നോക്കണ്ട! വീടിനുചുറ്റും പൊലീസുണ്ട്."
അദ്ദേഹം അയാളൾക്കുനേരെ തോക്കുചൂണ്ടി. മുദ്ര വച്ചുറപ്പിച്ചതുപോലെ അയാൾ നിശ്ചലനായി. അദ്ദേഹം സെൽഫോണെടുത്ത് ഡയൽ ചെയ്തു. തൊട്ടടുത്ത നിമിഷം പുറത്ത് ബൂട്സിന്റെ ശബ്ദം ഉയർന്നു. ഇൻസ്പെക്ടർ നന്ദനും പൊലീസുകാരും അകത്തു പ്രവേശിച്ചു.
''ഇതാ, അഞ്ചു വർഷം മുമ്പേ നഗരത്തെ ഞെട്ടിച്ച ജ്വല്ലറി കവർച്ചക്കേസിലെ പ്രതി നിങ്ങൾക്കായി കാത്തിരിക്കുന്നു., തൊണ്ടിമുതൽ സഹിതം.""
അദ്ദേഹം ഇൻസ്പെക്ടറെ നാടകീയമായി വരവേറ്റു.
''സാർ! ഇതെങ്ങനെ? ഇറ്റ്സ് അൺബിലീവബ്ൾ...""
അയാൾ പൃഥ്വിയെ അത്യത്ഭുതത്തോടെ നോക്കി.
''സാർ പറഞ്ഞതിലും വലിയ കോളാണല്ലോ ഇത്.""
''അന്ന് നിങ്ങൾ നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടയിൽ കക്ഷിക്ക് കളവുമുതലും കൊണ്ട് ദൂരെയെങ്ങും പോയി രക്ഷപ്പെടാൻ കഴിഞ്ഞില്ല. കിട്ടിയ സമയം കൊണ്ട് ഇവിടെ കുഴിച്ചിട്ടു. പിന്നീട് എടുക്കാമെന്നു കരുതിയെങ്കിലും സാധിച്ചില്ല...""
''ഹീ ഈസ് എഫിഷ്യന്റ് ആന്റ് ഇന്റലിജന്റ്! പക്ഷേ ഒരല്പം പിഴച്ചുപോയി... കഥകളൊക്കെ അയാൾ തന്നെ പറയും...ചോദിച്ചു നോക്കൂ.""
ഇൻസ്പെക്ടർ അയാളെ വിലങ്ങണിയിച്ചു പുറത്തേക്ക് കൊണ്ടുവന്നു.
അയാൾ നടന്നതെല്ലാം വള്ളിപുള്ളിവിടാതെ പറഞ്ഞു. ഇടക്ക് വിട്ടുപോയ കണ്ണികൾ പൃഥ്വി കൂട്ടിയോജിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയേയും കൊണ്ട് പൊലീസുകാർ സ്റ്റേഷനിലേയ്ക്കും ഞങ്ങൾ പുലർച്ചയ്ക്കുള്ള ട്രെയിൻ പിടിക്കാനായി റെയിൽവേ സ്റ്റേഷനിലേക്കും നടന്നു. പുറപ്പെടുംമുമ്പ് ഞാൻ പ്രതിയുടെ ഏതാനും ചിത്രങ്ങൾ കാമറക്കുള്ളിലാക്കി. മാധവൻ നായർ അപ്പോഴും പകച്ചുനിൽക്കുകയായിരുന്നു. ഞങ്ങൾ പുറപ്പെടാനൊരുങ്ങിയപ്പോൾ അയാളും കൂടെയിറങ്ങിയെങ്കിലും പൃഥ്വി അയാളെ തടഞ്ഞു. പുലർച്ചയ്ക്കുമുമ്പ് വർക് ഷോപ്പിലെത്തിയൽ കുഴപ്പമില്ലെന്നും ജോലി നഷ്ടപ്പെടില്ലെന്നും അയാൾ പറഞ്ഞപ്പോൾ അദ്ദേഹം അതിനെ ഖണ്ഡിച്ചു. ജോലി നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും ഇൻസോമ്നിയ ബാധിതനായ നിങ്ങളെ വീട്ടിൽ നിന്നും മാറ്റി നിറുത്താൻ തത്ക്കാലത്തേക്കുള്ള നാടകമായിരുന്നു ആ ജോലിയെന്നും അയാളെ പറഞ്ഞു മനസിലാക്കി. മാത്രമല്ല, വീട്ടിൽ നിന്നും മാറിനിൽക്കരുതെന്നും ശക്തിയേറിയ മയക്കുമരുന്നു സ്പ്രേ ചെയ്തതിനാൽ ഭാര്യയും കുട്ടികളും ഗാഢനിദ്രയിലാണെന്നും അവർ ഉണരുമ്പോൾ അയാൾ അടുത്തുവേണമെന്നും ധരിപ്പിച്ചു. വീടിനുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമുണടാക്കാമെന്നും നാളെതന്നെ രാജധാനി ജ്വല്ലറി അധികൃതരാകെ ചെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
''നഷ്ടപ്പെട്ടുവെന്നു കരുതിയ കോടികൾ വില വരുന്ന ആഭരണങ്ങൾ അവർക്ക് തിരിച്ചു കിട്ടിയില്ലേ! തീർച്ചയായും നിങ്ങളെ അവർ സഹായിക്കാതിരിക്കില്ല നിങ്ങളുടെ ജോലിക്കാര്യവും നമുക്ക് സംസാരിക്കാം...എന്താ പോരേ?""
അത്രയും കേട്ടപ്പോൾ അയാൾക്കല്പം ആശ്വാസമായി.
''കഴിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു കരുതിയാൽ മതി നിങ്ങൾക്കും കുടുംബത്തിനും കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.""
പുലർച്ചെ നാലരയ്ക്കുള്ള ട്രെയിനിൽ ഞങ്ങൾ മടങ്ങി. വണ്ടി കാഞ്ഞങ്ങാടെത്തുമ്പോഴേയ്ക്കും സംഭവങ്ങളുടെ ഏകദേശ വിവരണം അദ്ദേഹം എനിക്ക് നൽകി. മാധവൻ നായരുടെ കഥ ആദ്യം കേട്ടപ്പോൾതന്നെ അയാളുടെ വീടിനകത്ത് വിലപിടിപ്പുള്ളതെന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. താമസമുള്ള വീട്ടിൽ അവരറിയാതെ അങ്ങനെയൊന്നു സംഭവിക്കാനിടയില്ല. അതുകൊണ്ടാണ് എപ്പോഴെങ്കിലും വീട്ടിൽ നിന്നും മാറിത്താമസിച്ചിട്ടുണ്ടോ എന്നു ചോദിച്ചത്. താമസം തുടങ്ങിയിട്ട് അഞ്ചുവർഷമേ ആയുള്ളൂവെന്നറിഞ്ഞതോടെ അതിനടുത്തെപ്പോഴെങ്കിലും അങ്ങനെയൊന്നു സംഭവിച്ചതാകാം എന്ന നിഗമനത്തിലെത്തി.മോഷണമുതലോ അനധികൃതമായി നേടിയെടുത്ത വിലപിടിപ്പുള്ള എന്തെങ്കിലുമോ മാത്രമേ അങ്ങനെ ഒളിപ്പിച്ചുവയ്ക്കാൻ സാദ്ധ്യതയുള്ളൂവെന്ന് മനസിലായപ്പോൾ ആ വഴിക്ക് അന്വേഷണമാരംഭിച്ചു. അഞ്ചുവർഷം മുമ്പുള്ള ദിനപത്രങ്ങൾ സൈറ്റിൽ നിന്നും പരിശോധിച്ചു. ഏകദേശം ആറുമാസങ്ങളിലെ പത്രങ്ങൾ നോക്കിയപ്പോൾ രാജധാനി കവർച്ചാക്കേസിന്റെ വാർത്തകൾ കണ്ടു. അന്ന് സംസ്ഥനത്തിനകത്തു തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു അത്. അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്ത് നടപ്പാക്കിയ സ്വർണാഭരണക്കവർച്ച. പട്ടാപ്പകൽ സ്ഥാപനത്തിലെ ജോലിക്കാർ തൊട്ടടുത്ത ആരാധനാലയത്തിൽ പ്രാർത്ഥനയ്ക്കായി പോയ തക്കത്തിന് ഏതാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കവർച്ച നടന്നത്. അന്ന് പൊലീസ് ആകെ ഇളക്കിമറിച്ച് അന്വേഷണം നടത്തിയിട്ടും കള്ളനെ പിടികൂടാൻ കഴിഞ്ഞില്ല. പത്തുകിലോ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. പ്രതി അതിവിദഗ്ദ്ധമായി കളവുമുതൽ ട്രെയിനിൽ ഒളിച്ചുകടത്തി ചെറുവത്തൂരെത്തി. ജില്ലയുടെ പല ഭാഗങ്ങളിലും കവർച്ചയിലും മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്ന പ്രതിക്ക് ആ പ്രദേശങ്ങളുടെയെല്ലാം ഭൂമിശാസ്ത്രം കാണാപ്പാഠമായിരുന്നു. അധികം ആൾസഞ്ചാരമില്ലാത്ത സ്ഥലം അന്വേഷിച്ചുനടന്ന അയാൾ എത്തിയത് സർക്കാർ പാവങ്ങൾക്കായി പതിച്ചുകൊടുത്ത സ്ഥലത്തായിരുന്നു. അവിടെ ഒരു വീടിന്റെ പ്രാരംഭജോലികൾ നടന്നുവരുന്നു. മറ്റൊന്നിന്റെ തറ പൂർത്തിയായിരിക്കുന്നു. പൂർത്തിയായ തറയുടെ മണ്ണുനീക്കി കളവുമുതൽ അവിടെകുഴിച്ചിട്ടു. അന്വേഷണത്തിന്റെ തീയും പുകയുമൊക്കെ ഒന്നടങ്ങിയശേഷം തിരിച്ചെടുക്കാമെന്നു കരുതിയെങ്കിലും നിർഭാഗ്യം അയാളെ അതിനനുവദിച്ചില്ല. ഒരാഴ്ചയ്ക്കുശേഷം മറ്റൊരു കവർച്ചാക്കേസിൽ കൂട്ടുകാരോടൊപ്പം പിടിയിലായി. താങ്കിൾ കേട്ടിട്ടില്ലേ, ഒരു ബാങ്കിന്റെ താഴത്തെനില വ്യാപാരാവശ്യത്തിനെന്ന വ്യാജേന വാടകയ്ക്കെടുത്ത് ബാങ്കിന്റെ ലോക്കർ തുരന്ന് പണവും സ്വർണവും മോഷ്ടിച്ചത്? ആ കേസിലെ കൂട്ടുപ്രതികളോടൊപ്പം അഞ്ചുകൊല്ലത്തെ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. അന്നുമുതൽ കോടികൾ വിലമതിക്കുന്ന ഈ നിധി തിരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു... അതിനുവേണ്ടി ബുദ്ധിപരമായ അടവുകൾ കുറേ പ്രയോഗിച്ചു ഇയാൾ...
''പക്ഷേ, രാജധാനിയിൽ നിന്നും കവർച്ച ചെയ്തു. ആഭരണങ്ങൾ തന്നെയാണ് നായരുടെ വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്ന് ഉറപ്പൊന്നുമില്ലല്ലോ വേഷം മാറിയെത്തിയ ഇബ്രാഹിം അഹമ്മദിന്റെ ഫോട്ടോ കാണിച്ചിട്ടും നായർ ആളെ തിരിച്ചറിഞ്ഞതുമില്ല. അപ്പോഴാണ് ചതുപ്പിലെ ശലഭനിരീക്ഷകൻ പ്രത്യക്ഷപ്പെടുന്നത്. ഒരു ഭാഗ്യപരീക്ഷണമെന്ന നിലയ്ക്ക് പ്രതിയുടെ ഫോട്ടോയിൽ ചില മാറ്റങ്ങൾ വരുത്തി. ഞാനത് നായർക്കയച്ചുകൊടുത്തു. അയാളുടെ ഭാര്യ ആളെ തിരിച്ചറിയുകയും ചെയ്തു. അതോടെ എന്റെ നിഗമനം ശരിയാണെന്നുറപ്പായി.""
''ഇയാളെന്തിനാ അയൽക്കാരന്റെ വീട്ടിൽ കയറിയത്? അവിടെയും വല്ലതും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ?""
ഞാൻ ചോദിച്ചു.
പൃഥ്വി ചിരിച്ചു.
''അഞ്ചുവർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അയാൾക്ക് സ്ഥലവിഭ്രമം സംഭവിച്ചതായിരിക്കും. അപ്പോഴേയ്ക്കും അവിടെ രണ്ടുവീടുകൾ ഉയർന്നല്ലോ. പൂർത്തിയാക്കാതെ ഉപേക്ഷിച്ച ഒന്നുരണ്ടെണ്ണം വേറെയും! ഏതു വീട്ടിനകത്താണ് നിധിയിരിക്കുന്നതെന്നുറപ്പാക്കാൻ പെട്ടെന്നയാൾക്ക് കഴിഞ്ഞിരിക്കില്ല. രാത്രിയും പകലുമായി പലതവണ വേഷം മാറി പരിസരത്ത് ചുറ്റിനടന്നു. അതിലൊന്നാണ് ശലഭ നിരീക്ഷകൻ. വീട് തിരിച്ചറിഞ്ഞ് ഉറപ്പുവരുത്തി ചുവരിലും സീലിംഗിലും അടയാളമിട്ടുവച്ചു. പക്ഷേ, നിർഭാഗ്യം അവിടെയും അയാളുടെ പിറകേ കൂടി. നമ്മുടെ സ്നേഹിതൻ തക്കസമയത്ത് അത് കണ്ടുപിടിച്ച് അയാളുടെ പ്ലാനുകളെല്ലാം തകർത്തുകളഞ്ഞു. ഇക്കാര്യത്തിൽ മാധവൻ നായരെ കലവറയില്ലാതെ അഭിനന്ദിച്ചേ മതിയാകൂ. സാധാരണ തൊഴിലാളിയാണെങ്കിലും ഹീ ഈസ് എ ജീനിയസ്, കണ്ടില്ലേ, ഒരു ജനൽക്കൊളുത്ത് ഒടിഞ്ഞതിൽ നിന്ന് അല്ലെങ്കിൽ....കർട്ടൺ അല്പം പിന്നിപ്പോയതിൽ നിന്ന് അയാൾ കാര്യങ്ങൾ ഗ്രഹിച്ചത്. അയാളുടെ ബുദ്ധിപരമായ നീക്കങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരായുഷ്ക്കാലം ഓർമ്മയിൽ തിളങ്ങിനിൽക്കുന്ന ഈയൊരു കേസ് എന്റെ അന്വേഷണ പരിധിയിൽ വരില്ലായിരുന്നു... റിയലി ഐ താങ്ക് ഹിം!""
''ആ വർക്ക്ഷോപ്പുടമയും അറിഞ്ഞുകൊണ്ടുള്ള കളിയായിരുന്നോ ഇത്? ""
ഞാൻ ചോദിച്ചു.
''ഗുഡ് ക്വസ്റ്റ്യൻ! കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ ഞാനും അങ്ങനെ സംശയിച്ചു. പക്ഷേ, നായർ വർക് ഷോപ്പിലെത്തിയിട്ടുണ്ടോ എന്നന്വേഷിച്ച് ഫോൺ വന്നതറിഞ്ഞതോടെ അതു മാറി. അയാൾ കൂടി അറിഞ്ഞുകൊണ്ടുളള കളിയാണെങ്കിൽ അതുണ്ടാവില്ലല്ലോ! രാത്രി ഉറക്കമില്ലാത്തനായർ വീട്ടിലുള്ളപ്പോൾ അകത്തുകയറി നിധിയെടുക്കുക എളുപ്പമല്ലെന്നു മനസിലാക്കിയ പ്രതി അയാളെ മാറ്രാൻ വേണ്ടിയാണ് ജോലി തരപ്പെടുത്തിക്കൊടുത്തത്. അതും ഒരു നാടകമായിരുന്നു. ജോലിയിൽ കയറിയിട്ട് ചുരുക്കം നാളുകളേ ആയുള്ളൂവെന്നറിഞ്ഞപ്പോൾ തന്നെ ഞാൻ സംശയിച്ചു. ഞാൻ വർക് ഷോപ്പുടമയെ സമീപിച്ചു. പൊലീസാണെന്നു പറഞ്ഞപ്പോൾ അയാൾ എല്ലാം തുറന്നു പറഞ്ഞു. രണ്ടുമാസം മുമ്പ് മാന്യനായ ഒരാൾ അയാളെ സമീപിച്ച് ഒരു ഫേവർ ചെയ്യണമെന്നാവശ്യപ്പെട്ടു. അയാളുടെ സഹോദരി സ്വന്തം ഇഷ്ടത്തിൽ ഒരന്യസമുദായക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതുകാരണം കുടുംബത്തിൽ നിന്നും പുറത്താക്കിയിരിക്കുകയാണെന്നും അവരുടെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്നും ഭർത്താവിന് ജോലിയൊന്നുമില്ലാത്തതുകാരണം രണ്ടു കുട്ടികളടങ്ങുന്ന കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു. സഹോദരൻ എന്ന നിലയിൽ സഹായിക്കണണെന്നുണ്ടെങ്കിലും അഭിമാനിയായ സഹോദരീഭർത്താവ് അത് സ്വീകരിക്കുകയില്ലെന്നും അതുകൊണ്ട് സ്ഥാപനത്തിൽ ഒരു ജോലി നൽകി കുടുംബത്തെ സഹായിക്കണമെന്നും അപേക്ഷിച്ചു. അവിടെ ഒഴിവൊന്നുമില്ലെന്നറിയിച്ചപ്പോൾ ഒഴിവുണ്ടാകുന്നതുവരെ അയാളുടെ ശമ്പളച്ചെലവിനുള്ള തുക നൽകാമെന്നും, സ്ഥാപനത്തിൽ രാത്രി കാവലിനായി നിയമിച്ചാൽ മതിയെന്നും പറഞ്ഞു. അയാൾ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ആറുമാസത്തെ ശമ്പളത്തുക അഡ്വാൻസായി കൈയിൽ വച്ചുകൊടുത്തു. പുറമേ കമ്മീഷനായി ഒരു തുകയും നൽകി. ഇക്കാര്യങ്ങളൊന്നും അയാളറിയരുതെന്നും ശട്ടം കെട്ടി. നായരോടും പൂർവ്വകാല കഥകളൊന്നും വർക്ക് ഷോപ്പിൽ ആരോടും പറയരുതെന്നും വിവാഹം പ്രണയവിവാഹമാണെന്നേ പറയാവൂ എന്നും ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞേല്പിച്ചു. അങ്ങനെ നായരുടെ ശല്യം ഒഴിവാക്കി. ഞാൻ ഇബ്രാഹിം അഹമ്മദിന്റെ ഫോട്ടോ വർക്ഷോപ്പുടമയെ കാണിച്ചപ്പോൾ മാന്യൻ അയാളാണെന്ന് തിരിച്ചറിഞ്ഞു. അതോടെ എന്റെ നിഗമനം നൂറുശതമാനവും ശരിയായി. നായരുടെ സാന്നിദ്ധ്യം ഒഴിവായതോടെ രാത്രി വീട്ടിലെത്തി ജനൽവഴി അകത്തുകടന്ന് ഭാര്യയേയും കുട്ടികളെയും മയക്കുമരുന്ന് സ്പ്രേ ചെയ്ത് ബോധരഹിതരാക്കി വീടുമുഴുവൻ അരിച്ചുപെറുക്കി പരിശോധിച്ച് നിധിയിരിക്കുന്ന സ്ഥാനം അടയാളമിട്ടുറപ്പിച്ചു... ""
(അവസാനിച്ചു)