
ന്യൂഡൽഹി: രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന എം.പിമാർക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വിതുമ്പലടക്കാനാകാതെ പ്രധാനമന്ത്രി മോദി. കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന്റെയും തന്റെയും സൗഹൃദത്തെ കുറിച്ച് പറയവേയാണ് പ്രധാനമന്ത്രി വിതുമ്പിപ്പോയത്. ഫെബ്രുവരി 15നാണ് കാശ്‌മീരിൽ നിന്നുളള രാജ്യസഭാംഗമായ ആസാദിന്റെ കാലാവധി പൂർത്തിയാകുന്നത്. ആസാദുമൊത്ത് പ്രവർത്തിച്ച കാലത്തെ കുറിച്ച് പ്രസംഗത്തിൽ വികാരാധീനനായി മോദി പ്രസംഗിച്ചു.
'ഒരിക്കൽ കാശ്‌മീരിൽ ഭീകരാക്രമണം നടന്ന സമയം തീർത്ഥാടകരായ ഗുജറാത്ത് സ്വദേശികൾ അവിടെ കുടുങ്ങി. ആ സമയം ഗുലാം നബി ആസാദ് എന്നെ വിളിച്ചു. കുടുങ്ങിയവരെ സ്വന്തം കുടുംബാംഗങ്ങളെയെന്നപോലെ സംരക്ഷിച്ചു.' പ്രധാനമന്ത്രി പറഞ്ഞു. മോദി ഗുജറാത്തിലും ആസാദ് കാശ്‌മീരിലും മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഈ സംഭവം. സഭയിൽ ഇക്കാര്യം പ്രസംഗിക്കവെ വാക്കുകൾ കിട്ടാതെ മോദി കണ്ണീരണിഞ്ഞു. സഭയിലെ മറ്റംഗങ്ങളും ഒപ്പം ഗുലാംനബി ആസാദും ഈ സമയം വികാരാധീനനായി.
സ്ഥാനമാനങ്ങൾ വരും വലിയ പദവികൾ വരും അധികാരം വരും ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാംനബി ആസാദിനെ കണ്ട് പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആസാദിനായി തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നതായും തന്റെ യഥാർത്ഥ സുഹൃത്താണ് ആസാദെന്നും മോദി പ്രസംഗിച്ചു.
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT— ANI (@ANI) February 9, 2021
 
രാജ്യസഭാ ചെയർമാൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും പിരിഞ്ഞുപോകുന്ന ആസാദ് ഉൾപ്പടെ കാശ്‌മീരിലെ നാല് എം.പിമാർക്കും യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷങ്ങളായി ഈ സഭയിലെ മുതിർന്നൊരംഗമായിരുന്നു ആസാദ്. അദ്ദേഹത്തിൽ നിന്ന് സഭയ്‌ക്ക് പല വലിയ സംഭാവനകളും ലഭിച്ചിട്ടുണ്ട്. വെങ്കയ്യ നായിഡു പറഞ്ഞു.