k-surendran

പത്തനംതിട്ട: ശബരിമല വിഷയത്തിൽ എം എ ബേബിയുടേത് വൈരുദ്ധ്യാത്മക മലക്കം മറിച്ചിലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി പി എമ്മിൽ പാർശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സി പി എമ്മിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എം എ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തിൽ സി പി എം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് പിണറായി വിജയൻ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ തീരുമാനം പറയാനെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

സി പി എം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തിൽ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാൻ തയ്യാറല്ല. ആയിരം ഗംഗയിൽ മുങ്ങിയാലും സി പി എമ്മിനോട് പൊറുക്കാൻ വിശ്വാസി സമൂഹം തയ്യാറാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ കാണിച്ച ക്രൂരതയ്‌ക്ക് ഒരു മാപ്പും പിണറായി വിജയനും കമ്പനിക്കും കിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ സമനില തെറ്റി എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.