
കോൺഗ്രസ് മുക്ത കൊല്ലം എന്ന ലക്ഷ്യവുമായി നീങ്ങുകയാണ് സി.പി.എം. 2006 മുതൽ നടന്ന മൂന്ന് അസംബ്ളി തിരഞ്ഞെടുപ്പുകളിലും ജില്ലയിൽ കോൺഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല. ഇക്കുറി അതിനൊരു മാറ്റമുണ്ടാക്കാനുള്ള ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പരിശ്രമം വിജയിക്കുമോ എന്നാണ് കൗതുക കണ്ണുകൾ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും കാര്യമായി ഒന്നും നേടാൻ യു.ഡി.എഫിനായില്ല. എൽ.ഡി.എഫാകട്ടെ ശക്തമായ മുന്നേറ്റം നടത്തി വരുന്ന അസംബ്ളി തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്.
2006 മുതൽ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞടുപ്പുകളിലും കോൺഗ്രസിന് ഒറ്റ എം.എൽ.എ മാർ പോലും ഇല്ലാത്ത ജില്ലയാണ് കൊല്ലം. ഇക്കുറി സംസ്ഥാനഭരണം പിടിയ്ക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന യു.ഡി.എഫിന് കൊല്ലം ജില്ലയിൽ നിന്ന് ലഭിക്കുന്ന സീറ്റുകൾ നിർണായകമാണ്. 2001 ൽ 12 നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയിൽ ഒൻപത് ഇടത്ത് യു.ഡി.എഫ് ജയിച്ചപ്പോൾ മൂന്നിടത്ത് മാത്രമാണ് എൽ.ഡി.എഫിന് ജയിയ്ക്കാനായത്. കോൺഗ്രസ് -4, കേരള കോൺഗ്രസ്- ബി- 2, ആർ.എസ്.പി- ബി- 2, ജെ.എസ്.എസ് -1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ.ഡി.എഫിൽ ആർ.എസ്.പി- 2, സി.പി.ഐ -1 എന്ന നിലയിലും. സി.പി.എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ 2006 ൽ പത്തനാപുരം ഒഴികെയുള്ള സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ തകർച്ചയും അതോടെ തുടങ്ങി.
മണ്ഡല പുനർ നിർണയത്തിൽ നെടുവത്തൂർ മണ്ഡലം ഇല്ലാതായതോടെ ആകെ സീറ്റുകൾ 12 ൽ നിന്ന് പതിനൊന്നായി ചുരുങ്ങി. 2011 ലെ തിരഞ്ഞെടുപ്പിൽ ചവറയിൽ ഷിബുബേബിജോണും പത്തനാപുരത്ത് കെ.ബി ഗണേശ് കുമാറും മാത്രമാണ് യു.ഡി.എഫിൽ നിന്ന് വിജയിച്ചത്. ഇതിനു പിന്നാലെ മുന്നണികളിലെ കക്ഷികളിൽ മാറ്റമുണ്ടായി. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പു സമയത്ത് ആർ.എസ്.പി ഇടതുമുന്നണിവിട്ട് യു.ഡി.എഫിലെത്തി. പിന്നാലെ കേരളകോൺഗ്രസ് ബി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തി. ഇരു ആർ.എസ്.പികളും ലയിച്ച് ഒന്നായിട്ടും 2016 ലെ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളും എൽ.ഡി.എഫ് തുത്തുവാരി. ഇതാദ്യമായി ആർ.എസ്.പിക്ക് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതായെങ്കിലും ഇടതുമുന്നണിയ്ക്കൊപ്പം മത്സരിച്ച കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പി ലെനിനിസ്റ്റ് ആർ.എസ്.പിയുടെ നിഴൽ പോലെ സഭയിലുണ്ടെന്ന് ആശ്വസിക്കാം.
കോൺഗ്രസിന്റെ ശാപം
പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിക്കുമെങ്കിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി തോറ്റ് തുന്നം പാടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ കാലങ്ങളായി കണ്ടുവരുന്നത്. പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും ജനപ്രിയരായ നേതാക്കളുടെ അഭാവമാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ഇപ്പോൾ നേരിടുന്ന ദുരവസ്ഥ. ആർ.ശങ്കറെയും സി.എം സ്റ്റീഫനെയും ടി.എം വർഗ്ഗീസിനെയും കടവൂർ ശിവദാസനെയും പോലുള്ള കോൺഗ്രസ് നേതാക്കളുടെ പിൻഗാമികളായി എത്തിയവരിൽ അധികം പേർക്കും ജനമനസ്സുകളിൽ ചേക്കേറാനായില്ലെന്നതാണ് പാർട്ടി നേരിടുന്ന ദുര്യോഗം. ഇപ്പോഴത്തെ ഡി.സി.സി നേതൃത്വത്തിലുള്ള നേതാക്കളിലും അണികളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളവരില്ലെന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി കൊല്ലം ജില്ല നേരിടുന്ന ദുര്യോഗം. സരസ്വതി കുഞ്ഞുകൃഷ്ണന് ശേഷം ഡി.സി.സി പ്രസിഡന്റായി വന്ന രണ്ടാമത്തെ വനിതയെന്ന നിലയിൽ ഇപ്പോഴത്തെ പ്രസിഡന്റ് ബിന്ദുകൃഷ്ണ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്ന പ്രതീതി തുടക്കത്തിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് നേരിട്ട കനത്ത തിരിച്ചടി അവരുടെ പ്രതിച്ഛായയ്ക്കും കാര്യമായ മങ്ങലേൽപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിവുള്ളവരെ മാറ്റിനിറുത്തി ഗ്രൂപ്പ് മാനേജർമാർക്കും തത്പരകക്ഷികൾക്കും സീറ്റ് നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. പേയ്മെന്റ് സീറ്റുകളെന്ന ആരോപണം ബിന്ദുകൃഷ്ണയ്ക്കും നേരെ ഉയരുകയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വരുന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ഉറപ്പിക്കുന്ന തന്ത്രത്തിലേക്ക് ഡി.സി.സി പ്രസിഡന്റ് മാറിയെന്നതാണ് അവർക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ജില്ലയെന്ന നിലയിൽ ബിന്ദുകൃഷ്ണയെ പ്രസിഡന്റ് പദത്തിൽ നിന്ന് മാറ്റിയേക്കുമെന്ന നിലയിൽ വരെ കാര്യങ്ങൾ എത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയ സമയത്ത് അഴിച്ചുപണി വേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദാര്യത്തിലാണിപ്പോൾ ബിന്ദുകൃഷ്ണ തുടരുന്നത്.
മുന്നേറ്റം ചവറയിൽ മാത്രം
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ ചവറ നിയോജക മണ്ഡലത്തിലൊഴികെ മറ്റു പത്തിടത്തും എൽ.ഡി.എഫിന് കാര്യമായ മുൻതൂക്കം ലഭിച്ചു. ചവറയിൽ ആർ.എസ്.പിയിലെ ഷിബുബേബിജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. അദ്ദേഹം ഇപ്പോൾ തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകില്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നാണ് കോൺഗ്രസ് നേതൃത്വം ആശ്വാസം കൊള്ളുന്നത്. ജില്ലയിൽ കൊല്ലം, ചാത്തന്നൂർ, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, കുണ്ടറ, പത്തനാപുരം സീറ്റുകളിലാകും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. ആർ.എസ്.പി ചവറ കൂടാതെ കുന്നത്തൂരിലും ഇരവിപുരത്തും മത്സരിക്കും. ഇരവിപുരവും കുണ്ടറയും തമ്മിൽ വച്ചുമാറാൻ ആർ.എസ്.പി കോൺഗ്രസിനോടാവശ്യപ്പെടാൻ സാദ്ധ്യതുണ്ട്. ചടയമംഗലത്ത് കഴിഞ്ഞ തവണ മത്സരിച്ച മുസ്ലിം ലീഗ് ഇക്കുറി അതിനു പകരം പുനലൂർ സീറ്റ് ചോദിക്കാനും സാദ്ധ്യതയുണ്ട്. ഫോർവേർഡ് ബ്ളോക്കിന് ഒരു സീറ്റ് ജില്ലയിൽ ലഭിച്ചേക്കും. ഏതായാലും മുഖംമിനുക്കി ശക്തമായ നടപടികൾ സ്വീകരിക്കുകയും കഴിവും ജനസ്വാധീനവും ഉള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്തില്ലെങ്കിൽ ജില്ല കോൺഗ്രസ് മുക്തമായി തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.