indian-army-

ന്യൂഡൽഹി : കഴിഞ്ഞ വർഷം മേയിൽ ലഡാക്കിൽ ആരംഭിച്ച ഇന്ത്യ ചൈന സംഘർഷം പരിഹരിക്കപ്പെടാതെ നീണ്ടു പോകവേ മുൻ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിംഗിന്റെ വാക്കുകൾ ചർച്ചയാവുന്നു. ഇന്ത്യയിലേക്ക് ചൈന കടന്നു കയറ്റം ചെയ്യുന്നതു പോലെ തങ്ങളും കടന്നുകയറാറുണ്ടെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

രണ്ടു ദിവസം മുൻപ് തമിഴ്നാട്ടിലെ മധുരൈയിൽ സന്ദർശനം നടത്തവേയാണ് മുൻ കരസേന മേധാവികൂടിയായ വി കെ സിംഗ് ഇത്തരത്തിൽ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ 'ചൈനയുമായി നമ്മുടെ അതിർത്തി ഒരിക്കലും വേർതിരിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ എൽ എസിയിൽ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ധാരണ അനുസരിച്ച് ഞങ്ങൾ എത്ര തവണ അവിടെ അതിക്രമിച്ചു കടന്നുവെന്ന് നിങ്ങളിൽ ആരും അറിയുന്നില്ല. കാരണം ഞങ്ങൾ അത് പ്രഖ്യാപിക്കുന്നില്ല. ചൈനീസ് മാദ്ധ്യമങ്ങളിലും ഇത് വരാറില്ല. ചൈന പത്ത് തവണ അതിക്രമിച്ചു കടന്നിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ ധാരണയനുസരിച്ച് ഞങ്ങൾ 50 തവണയെങ്കിലും ഇത് ചെയ്തിരിക്കാം 'സിംഗ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ലഡാക്കിലടക്കം ചൈന തങ്ങളുടെ പ്രദേശം വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ഇത് അനുവദിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പു വരുത്തുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ വി കെ സിംഗിന്റെ വാക്കുകൾ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാൻ തിരഞ്ഞെടുത്തിരിക്കുകയാണ് ചൈന ഇപ്പോൾ. ഇന്ത്യയുടെ അതിക്രമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്ക് മൂലകാരണം എന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കേന്ദ്ര മന്ത്രിയുടെ വാക്കുകൾ ഇന്ത്യൻ പക്ഷത്തിന്റെ കുറ്റസമ്മതമാണെന്നും, അതിർത്തി പ്രദേശത്ത് ഏറെ നാളായി ഇന്ത്യ ചൈനയുടെ പ്രദേശം അതിക്രമിച്ച് കടക്കാനുള്ള ശ്രമം നടത്തുന്നതായും ഇതിനാൽ പുതിയ തർക്കങ്ങളും സംഘർഷങ്ങളുമുണ്ടാവുന്നതായും വാങ് വെൻബിൻ കുറ്റപ്പെടുത്തുന്നു.