
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഐ.എ.എസുകാർക്കായി ക്വാർട്ടേഴ്സ് നിർമ്മിക്കാൻ ഒരുങ്ങി സർക്കാർ. ഇതിനായി രണ്ട് സ്ഥലങ്ങളിലായി 2.3 ഏക്കർ അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. ഇതോടെ ക്വാർട്ടേഴ്സ് എന്ന ദീർഘ നാളായുള്ള ഐ.എ.എസുകാരുടെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.
 ആക്കുളത്തും കവടിയാറിലും
കഴക്കൂട്ടം - കോവളം ഹൈവേയിൽ ആക്കുളത്താണ് ഒരു ക്വാർട്ടേഴ്സ് പണിയുന്നത്. ഇതിനായി 206 സെന്റാണ് കണ്ടെത്തിയിരിക്കുന്നത്. നഗരഹൃദയഭാഗമായ കവടിയാറിൽ 24 സെന്റാണ് അനുവദിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 50 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ക്വാർട്ടേഴ്സ് ആയിരിക്കും പണിയുക. ഇതോടൊപ്പം പൊലീസുകാർക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളും ക്വാർട്ടേഴ്സിൽ ഒരുക്കും.
ഈ ഭൂമി നിലവിൽ നിർമ്മിതി കേന്ദ്രത്തിന്റെ കൈവശമാണുള്ളത്. ഇത് പി.ഡബ്ല്യു.ഡിക്ക് കൈമാറാൻ ജില്ലാകളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണത്തിന് ശേഷം ഭൂമിയുടെ കൈവശാവകശം റവന്യൂ വകുപ്പിനായിരിക്കും.
 കർശന വ്യവസ്ഥകൾ
കർശന വ്യവസ്ഥകളോടെയാണ് ഭൂമി നൽകുന്നത്. റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് നിർമ്മിക്കാനല്ലാതെ മറ്റൊരു കാര്യത്തിനും ഭൂമി ഉപയോഗിക്കാൻ പാടില്ല. ഭൂമി ഉപപാട്ടത്തിന് നൽകാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനോ മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല. ഭൂമി ലഭിച്ച് ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കണം. മാത്രമല്ല സർക്കാർ ഭൂമി കൈയേറാനോ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാനോ പാടില്ല.
തലസ്ഥാനത്ത് ജോലി ചെയ്യുന്ന പ്രത്യേകിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐ.എ.എസുകാർക്ക് താമസിക്കാൻ വർഷങ്ങളായി സൗകര്യങ്ങളില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിയമിതരായ ശേഷം മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥർ തങ്ങൾക്ക് താമസിക്കാൻ സൗകര്യങ്ങളില്ലെന്ന് സർക്കാരിനോട് നിരന്തരം പരാതിപ്പെട്ടു വരുന്നതാണ്. പരിമിതമായുള്ള വീടുകളിലെല്ലാം മുതിർന്ന ഐ.എ.എസുകാർ താമസിക്കുകയാണ്. തങ്ങളുടെ ഉദ്യോഗസ്ഥർക്ക് താമസിക്കാനായി മറ്റ് സംസ്ഥാനങ്ങൾ സൗകര്യങ്ങൾ ഒരുക്കുമ്പോഴാണ് കേരളത്തിൽ ഈ അവസ്ഥ.