crime

തിരുവനന്തപുരം: ഒരാഴ്‌ച മുൻപ് മാത്രം ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും അക്രമികൾ തകർത്തു. ജില്ലയിൽ അണ്ടൂർകോണം പള‌ളിച്ചവീട് വാർഡിലെ മുൻ പഞ്ചായത്തംഗം ശിവപ്രസാദിന്റെ പള‌ളിപ്പുറത്തെ വീടാണ് നാടൻബോംബെറിഞ്ഞ് തകർത്ത ശേഷം വാഹനങ്ങൾ തകർത്തത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡിലെ പരാജയത്തിന് കാരണം ശിവപ്രസാദാണെന്ന് കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ ബിജെപി പ്രവർത്തകർ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ ശിവപ്രസാദ് പാർട്ടിയിൽ പരാതിപ്പെട്ടില്ലെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ശിവപ്രസാദ് 25പേർക്കൊപ്പം കഴിഞ്ഞയാഴ്‌ച സിപിഎമ്മിൽ ചേർന്നു.

പാർട്ടി മാറിയതുമുതൽ തനിക്ക് ഭീഷണിയുണ്ടായിരുന്നതായും വീട് ആക്രമിച്ചതിൽ ബിജെപി പ്രവർത്തകർക്ക് പങ്കുണ്ടെന്നും കാട്ടി ശിവപ്രസാദ് മംഗലപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.