harshitha

ന്യൂഡൽഹി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകൾ ഹർഷിത കെജ്‌രിവാൾ. ഒരു ഓൺലൈൻ പോർട്ടൽ വഴി സോഫാ സെറ്റ് വിൽക്കാൻ ശ്രമിച്ച ഹർഷിതയ്ക്ക് 34,000 രൂപയാണ് നഷ്ടമായത്.

സെക്കൻഡ് ഹാൻഡ് സോഫാ സെറ്റ് വിൽക്കാനുണ്ടെന്ന് കാണിച്ച് ഹർഷിത ഒരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. വാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ച് ഒരാൾ ഹർഷിതയെ സമീപിക്കുകയായിരുന്നു. വില പറഞ്ഞ് കരാർ ഉറപ്പിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി ഹർഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നൽകി.

തുടർന്ന് ഒരു ക്യുആർ കോഡ് ഹർഷിതയ്ക്ക് അയച്ചു നൽകിയ ഇയാൾ, ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ 20000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഇക്കാര്യം പറഞ്ഞപ്പോൾ അബദ്ധത്തിൽ തെറ്റായ ക്യുആർ കോഡാണ് അയച്ച് നൽകിയതെന്നും പറഞ്ഞ് പുതിയ ക്യൂആർ കോഡ് നൽകി. ഇതനുസരിച്ച് ചെയ്തപ്പോൾ 14000 രൂപ കൂടി നഷ്ടമായി. തട്ടിപ്പാണെന്ന് മനസിലായതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.