strike

കൊച്ചി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങളിൽ ഇന്നും സംഘർഷം. എറണാകുളം കളക്‌ടറേ‌റ്റിലേക്കുളള കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ച് പി ടി തോമസ് എംഎൽഎയാണ് ഉദ്‌ഘാടനം ചെയ്‌തത്. കോഴിക്കോട് കളക്‌ടറേ‌റ്റിലേക്ക് ഫ്ര‌റ്റേർണി‌റ്റി മൂവ്മെന്റ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

കാലടി ശ്രീശങ്കര സർവകലാശാലയിലും ഇന്ന് പ്രതിഷേധ പ്രകടനം നടന്നു ഇവിടെ പ്രകടനം നടത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടാകുകയായിരുന്നു. അറസ്‌റ്റ് ചെയ്‌തവരെ കയ‌റ്റിയ പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞു. തുടർന്ന് സ്ഥലത്ത് ലാത്തിചാർജ് നടന്നു. കണ്ണൂരിൽ പിഎസ്‌സി ലാസ്‌റ്റ്‌ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്‌സ് കളക്‌ടറേ‌റ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.

ഇന്നലെ ലാസ്‌റ്റ് ഗ്രേഡ് പട്ടികയിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേ‌റ്റ് പടിക്കൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് സമരത്തിൽ തൃശൂർ സ്വദേശിനി ലയ രാജേഷ് പൊട്ടിക്കരഞ്ഞതിനെതിരെ ഇവർക്കെതിരെ ഇടത് ഗ്രൂപ്പുകളിൽ നിന്നും സൈബർ ആക്രമണവുമുണ്ടായി. സംഭവത്തിൽ വിമർശനവുമായെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചു.

ഇതിനിടെ ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾക്ക് പുറമേ സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് പട്ടിക കാലാവധി നിലവിൽ പ്രഖ്യാപിച്ച ഒരു വർഷത്തിൽ നിന്ന് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡർമാർ സമരം ആരംഭിച്ചിട്ടുണ്ട്.