
തിരുവനന്തപുരം: എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ നിന്ന് വിഷയ വിദഗ്ദ്ധരിൽ ഒരാൾ പിന്മാറിയതായി സൂചന. താൻ പരാതി പിൻവലിക്കുന്നതായി സൂചിപ്പിച്ച് മലയാളം സർവകലാശാലയിലെ ഒരു ചെയറിന്റെ അദ്ധ്യക്ഷൻ കൂടിയായ ഡോ ടി. പവിത്രൻ കാലടി സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകിയതായും വിവരമുണ്ട്. കത്ത് ലഭിച്ചതായി വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്.
എ.കെ.ജി.സി.ടി.എ മലപ്പുറം ജില്ലാ ഭാരവാഹിയുടെ സമ്മർദ്ദത്തെ തുടർന്നാണ് പവിത്രൻ പരാതിയിൽ നിന്ന് പിന്മാറിയതെന്നാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പവിത്രൻ തയ്യാറായിട്ടില്ല. സി.പി.എമ്മുമായി അടുപ്പമുള്ള അദ്ധ്യാപകനാണ് ഇദ്ദേഹം. വിരമിച്ച ശേഷമാണ് ഇദ്ദേഹത്തിന് മലയാളം സർവകലാശാലയിൽ നിയമനം ലഭിച്ചത്. മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് വന്നത്.
അതേസമയം, നിനിതയ്ക്ക് മലയാളം അസി.പ്രൊഫസറായി നിയമനം നൽകിയതു മുഖ്യമായും ഇന്റർവ്യൂ ബോർഡിലെ രണ്ട് ഹിന്ദി വിദഗ്ദ്ധരുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. ഒന്നാം റാങ്ക് നൽകുന്നതിനു യു.ജി.സി വ്യവസ്ഥകൾ അവഗണിക്കാൻ മുൻകൈ എടുക്കുകയും റാങ്ക് പട്ടികയ്‌ക്കെതിരെ സെലക്ഷൻ കമ്മിറ്റിയിലെ വിദഗ്ദ്ധ അംഗങ്ങൾ നൽകിയ വിയോജനക്കുറിപ്പു പുറത്തുവിടുകയും ചെയ്ത വൈസ് ചാൻസലറെ മാറ്റിനിർത്തി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.