white-house-

വൈറ്റ് ഹൗസ്, 1600 പെൻസിൽവാനിയ അവന്യൂ, വാഷിംഗ്ടൺ, ലോകത്തിന്റെ സാമ്പത്തികശക്തിയും പ്രതിരോധ ശക്തിയുമായ അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മേൽവിലാസമാണിത്. ലോകത്തിലെ തന്നെ അതിശക്തരായ ഭരണാധികാരികളിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ്. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ പ്രസിഡന്റിന് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങൾ നൽകി വരുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിരോധ സുരക്ഷാവലയങ്ങളുള്ള വസതിയായായി കരുതപ്പെടുന്നത്. അമേരിക്കയുടെ ഒട്ടുമിക്ക പ്രസിഡന്റുമാരും അധികാരത്തിലിരുക്കുമ്പോൾ കഴിഞ്ഞിരുന്നത് വൈറ്റ് ഹൗസിന്റെ സുരക്ഷിതത്വത്തിലാണ്. ജനുവരിയിൽ അധികാരമേറ്റ പ്രസിഡന്റ് ജോ ബൈഡനും കുടുംബവുമാണ് വൈറ്റ്ഹൗസിലെ പുതിയ താമസക്കാർ.

വൈറ്റ് ഹൗസിന്റെ നിർമ്മിതിയിൽ ഒട്ടനേകം സവിശേഷതകളുണ്ട് . അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോർജ് വാഷിംഗ്ടണാണ് വൈറ്റ് ഹൗസിനുള്ള സ്ഥലം കണ്ടെത്തിയത്. എട്ടു വർഷമെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ആറുനിലകളിലായി 18.7 ഏക്കറിലാണ് വൈറ്റ് ഹൗസ് പണിതത്. വൈറ്റ് ഹൗസിൽ ആകെ 132 മുറികളാണുള്ളത്. ആകെ 16 ഫാമിലി ഗസ്റ്റ് റൂമുകളും ഇവിടെയുണ്ട്. ആകെ 35 ബാത്ത് റൂമുകളാണിവിടെയുള്ളത്. ഒരു പ്രധാന കിച്ചൺ, ഡയറ്റ് കിച്ചൺ, ഫാമിലി കിച്ചൺ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ പുറം ഭാഗം മാത്രം പെയിന്റ് ചെയ്യാൻ 570 ഗ്യാലൻ പെയിന്റ് ആവശ്യമാണ്.


പണി പൂർത്തിയാവാത്ത വൈറ്റ് ഹൗസിലേക്ക് 1800ൽ അന്നത്തെ പ്രസിഡന്റ് ജോൺ ആദംസും കുടുംബവുമാണ് ആദ്യം താമസിക്കാനെത്തിയത്. 1814 ൽ യുദ്ധകാലത്ത് ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടു. പുനർനിർമ്മാണ ശേഷമാണ് ഇന്നത്തെ വൈറ്റ് ഹൗസ് പൂർത്തിയായത്. 1948 നും 1952 നും ഇടയിൽ അന്നത്തെ പ്രസിഡന്റ് ഹാരി എസ്.ട്രൂമാനും വൈറ്റ് ഹൗസ് പുതുക്കി പണിതിരുന്നു. ഇതിനു പിന്നാലെ ചില പ്രസിഡന്റുമാർ വൈറ്റ് ഹൗസിനകത്തും പുറത്തുമായി സ്വിമ്മിംഗ് പൂളുകളും ടെന്നീസ് കോർട്ടുകളും നിർമ്മിച്ചിട്ടുണ്ട്.


1814ൽ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടതിനെ തുടർന്നുള്ള പാടുകൾ കാണാതിരിക്കാനാണ് വൈറ്റ് ഹൗസിന് വെള്ള നിറം നൽകിയത് എന്നൊരു അഭ്യൂഹവുമുണ്ട്. അങ്ങനെയാണ് വൈറ്റ് ഹൗസ് വൈറ്റായത്. 1798ലാണ് ശൈത്യകാലത്തെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും ഈർപ്പത്തിൽ നിന്നും ചുവരുകളെ സംരക്ഷിക്കുന്നതിനായാണ് വൈറ്റ് ഹൗസിന് കുമ്മായം പൂശിയത്. ഈ സമയങ്ങളിൽ ഔദ്യോഗികമായി വൈറ്റ് ഹൗസ് എന്ന പേര് പ്രസിഡന്റിന്റെ വസതിക്കു നൽകിയിരുന്നില്ലെങ്കിലും പല മാദ്ധ്യമങ്ങളും വൈറ്റ് ഹൗസ് എന്ന പ്രയോഗം വ്യാപകമാക്കിത്തുടങ്ങിയിരുന്നു.


അടിയന്തരഘട്ടങ്ങളിൽ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ വൈറ്റ് ഹൗസിൽ നിരവധി രഹസ്യ അറകളും ടണലുകളുമുണ്ട്. 2001 ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണ സമയത്താണ് ഈ ടണലിന്റെ പ്രാധാന്യം പുറം ലോകം അറിഞ്ഞത്. അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് ഈ സമയം ഫ്‌ളോറിഡയിലായിരുന്നു. ബുഷിന്റെ ഭാര്യ ലോറ ബുഷിന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായി ഈ തുരങ്കത്തിലേക്കാണ് പ്രവേശിപ്പിച്ചത്. ഇവരോടൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരും തുരങ്കത്തിൽ അഭയം തേടിയിരുന്നു.


ഈ ആക്രമണത്തിനു ശേഷം ഭൂഗർഭ ങ്കേതങ്ങളുടെ ആവശ്യകത സർക്കാർ മനസ്സിലാക്കുകയും 2010 മുതൽ വൈറ്റ് ഹൗസിനെ ബന്ധിപ്പിച്ച് ടണൽ ങ്കേതങ്ങൾ രഹസ്യമായി നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഴുവൻ സമയവും ഈ ടണലുകളിൽ സുരക്ഷാ വലയമുണ്ട്. പ്രസിഡന്റ്സ് എമർജൻസി ഓപ്പറേഷൻ സെന്റർ എന്നാണ് ഈ ഭൂഗർഭ സങ്കേതം ഔദ്യോഗികമായി അറിയപ്പെടുന്നത്. പുറം ലോകത്തിന് അജ്ഞാതമായ നിരവധി രഹസ്യങ്ങൾ വൈറ്റ് ഹൗസ് പേറുന്നുണ്ടെന്നാണ് വിശ്വാസം.