
എണ്ണതേയ്ക്കലും കുളിയും മുതൽ മുടി കൊഴിച്ചിൽ മാറ്റാൻ വരെ പരമ്പരാഗതമായ ചില പൊടിക്കൈകൾ നോക്കാം. ആയുർവേദ ചേരുവകളോടെ എങ്ങനെയാണ് സൗന്ദര്യം നേടുന്നതെന്നറിയാം.
കുളിക്ക് വേണം ഈ ശീലങ്ങൾ
സൗന്ദര്യം കൂട്ടാൻ ആദ്യവഴിയാണ് കുളി. മുൻകാലങ്ങളിൽ പുഴയിലും കുളത്തിലും പോയി തേച്ചുകളി സ്ത്രീകൾ പതിവാക്കിയിരുന്നു. നീന്തലും തേച്ചുകുളിയും അഴകിനും ആരോഗ്യത്തിനും ഉത്തമ മാർഗമായിരുന്നു. ഇന്ന് സ്ഥിതിമാറി. എങ്കിലും ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും എണ്ണതേച്ച് കുളിക്കണം. കുളി തണുപ്പ് മാറ്റിയ വെള്ളത്തിൽ ശീലമാക്കുക. അത് തേച്ച് കുളി ചർമ്മത്തിലുള്ള മാലിന്യങ്ങളും ചുളിവുകളും നീക്കി രോഗങ്ങളെ അകറ്റുന്നു.
ജീവിതശൈലി ഇങ്ങനെ വേണം
ഇലക്കറികൾ, മുളപ്പിച്ച പയർവർഗങ്ങൾ, പാൽ തുടങ്ങിയ പോഷകമൂല്യങ്ങളുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ ശീലമാക്കുക. ഇത് നിത്യമുള്ള ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കഴിവതും വെജിറ്റേറിയൻ ഫുഡ് തിരഞ്ഞെടുക്കാം. ആഹാരം നിശ്ചിതസമയത്ത് കഴിക്കുക. ദിവസേന മിതമായ വ്യായാമം ചെയ്യുക. ടെൻഷൻ ഒഴിവാക്കുക.
കരിമംഗല്യം മാറ്റാം
രക്തചന്ദനം, മൺചട്ടിപ്പൊടി, പാച്ചൊറ്റിത്തൊലി, കൊട്ടം, ഞാവൽപ്പൂവ്, പേരാൽമൊട്ട്, ചണം പയർ ഇവ സമം പൊടിച്ച് പച്ചവെള്ളത്തിലരച്ച് മുഖത്ത് പുരട്ടി വലിഞ്ഞാൽ കഴുകികളയുക.ഇത് മുഖത്തെ കറുപ്പും മുഖക്കുരുവും മാറ്റുന്നതിന് നല്ലതാണ്. നീർമരുതിൻ തൊലിയും മഞ്ചട്ടിയും പൊടിച്ച് ശീലപ്പൊടിയാക്കി തേൻ ചേർത്ത് പുരട്ടുന്നതുംനല്ലതാണ്.
മൺചട്ടിപൊടി മാത്രമായി തേനിലരച്ചോ, കാട്ടുതുളസി വേര് പാലിൽ അരച്ചോ ലന്തക്കുരു പൊടിച്ച് വെണ്ണയും ശർക്കരയും തേനും ചേർത്തോ പുരട്ടുന്നതും കൊള്ളാം. നീർമാതളത്തിൻ തൊലി ആട്ടിൻ പാലിൽ അരച്ചുപുരട്ടാം.
ശരീരകാന്തിക്ക്
കടുക്കാപ്പൊടി, വേപ്പില, മാവിൻതൊലി, മാതളനാരകപ്പൂവ്,വള്ളിമുല്ലയില ഇവ ശുദ്ധ ജലത്തിലരച്ച് ദേഹത്ത് പുരട്ടി വലിയുന്ന അവസ്ഥയിൽ കഴുകണം. ഇത് കുറേ നാൾ ആവർത്തിക്കണം. കാരെള്ള്, കടുക്കാത്തൊണ്ട്, മഞ്ഞൾ, കൊട്ടം ഇവ ശുദ്ധ ജലത്തിലരച്ച് പുരട്ടി ഉണങ്ങിയാൽ തിരുമ്മിക്കളഞ്ഞു കുളിക്കുക. നെന്മേനി വാകയില, പാച്ചോറ്റിത്തൊലി, മരമഞ്ഞത്തൊലി, മഞ്ഞൾ, മുത്തങ്ങ ഇവ സമം പൊടിച്ചരച്ച് തേച്ച് പിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകാം.
താരനകറ്റാൻ
കസ്കസ് പാലിലരച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മാങ്ങയണ്ടിപ്പരിപ്പും കടുക്കാത്തൊണ്ടും സമം പൊടിച്ച് പാലിലരച്ച് തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഉമ്മത്തിലെ നീരിൽ ഉമ്മത്തിൻ കുരു അരച്ച് കലക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ തേയ്ക്കുന്നതും നല്ലതാണ്.
മുഖക്കുരു മാറ്റാൻ
മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുക. പനിനീരിൽ കസ്തൂരി മഞ്ഞളരച്ചു വെയിലിൽ ചൂടാക്കി ഒരുമാസം തുടർച്ചയായി പുരട്ടുക. കസ്തൂരിമഞ്ഞളും രക്തചന്ദനവും ചെറുനാരങ്ങാനീരിലരച്ച് മുഖത്ത് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക. കുങ്കുമപ്പൂവ് തേങ്ങാപ്പാലിലരച്ച് പുരട്ടുക. ആര്യവേപ്പിലയിട്ട്തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകുക.
കറ്റാർ വാഴപ്പോള നീരെടുത്ത് അതിൽ ഉലുവയിട്ട് മൂന്ന് ദിവസം വയ്ക്കുക. മുളവന്നാൽ വെയിലത്ത് വച്ച് ഉണക്കിപ്പൊടിച്ച് കുറെശ്ശെ പൊടി വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ തേച്ച് കുളിക്കുക. മാവിൻപൂവ്, ത്രിഫലത്തോട്, മരുതിൻ തൊലി, വെള്ളക്കുരുന്നിവേര് ഇവ പത്ത് ഗ്രാംവീതം രണ്ടിടങ്ങഴി ശുദ്ധജലത്തിലരച്ച് കലക്കി ഇരുന്നാഴി എണ്ണയും നാഴി കറ്റാർവാഴപ്പോളനീരും ചേർത്ത് കാച്ചിയരച്ച് തേച്ചുകുളിക്കുക.
മുടികൊഴിച്ചിലും
നരയും അകറ്റാം
കാരെള്ള്, നെല്ലിക്കാത്തൊണ്ട്, താമരയല്ലി, മയിലാഞ്ചിയില, ഇരട്ടിമധുരം ഇവ സമം പാലിൽ അരച്ചു കലക്കി തലയിൽ തേച്ച് ഒരുമണിക്കൂർ കഴിഞ്ഞ് കുളിക്കുക. മുടി കൊഴിഞ്ഞുപോയാൽ വീണ്ടും വരാൻ (വളരാൻ) പേരാലിൻ വേര് ഉണക്കിപ്പൊടിച്ച് ചിറ്റമൃത് ഇടിച്ച് പിഴിഞ്ഞ നീരിലരച്ച് കലക്കി എണ്ണ ചേർത്ത് ഓരിലത്താമര വേര് കൽക്കമായി അരച്ച് ചേർത്ത് കാച്ചിയരച്ച് തേയ്ക്കുക. നരയും മുടികൊഴിച്ചിലും അകറ്റാൻ സഹായിക്കും.