പൂജ ഭട്ട്  പ്രധാന വേഷത്തിൽ എത്തുന്ന  'ബോംബെ ബീഗംസ് " വെബ്  സീരിസ്  ലോക വനിത ദിനത്തിൽ റിലീസ്

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ബോംബെ ബീഗംസ് എന്ന വെബ് സീരിസിൽ പ്രധാന വേഷത്തിൽ പൂജ ഭട്ട് എത്തുന്നു. പൂജയുടെ ആദ്യ വെബ് സീരിസാണ്. ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, മനീഷ് ചൗധരി, ഇവാങ്ക ദാസ് എന്നിവരാണ് മറ്റു താരങ്ങൾ. ലോക വനിത ദിനമായ മാർച്ച് 8ന് നെറ്റ് ഫ്ളിക്സിൽ സ് ട്രീം ചെയ്യും. കാമറയുടെ മുന്നിലും പിന്നിലും ഏറെയും വനിതകളാണ്.
ആധുനിക കാല മുംബയ് യിലെ അഞ്ചു വനിതകളുടെ ജീവിതമാണ് പ്രമേയം. അവരുടെ ജീവിതം, സ്വപ്നം, പ്രതീക്ഷ, കാഴ്ചപ്പാട് എന്നിവയിലൂടെ ഉള്ള യാത്രയാണ് ബോംബെ ബീഗംസ്. അഭിനയ ജീവിതത്തിലെ പുതിയ ചുവടുവയ്പ് എന്ന് വെബ് സീരിസ് അഭിനയത്തെ പൂജ വിശേഷിപ്പിക്കുന്നു.പൂജയുടെ തിരിച്ചുവരവിൽ ആരാധകരും ഏറെ ആഹ്ളാദത്തിൽ. പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്ന ടെലിഫിലിമിലൂടെയാണ് പൂജഭട്ട് അഭിനയ രംഗത്തു എത്തുന്നത്. 29 വർഷം മുൻപ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജ ഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സഡക് ആണ് താരത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം . ജുനൂൻ, ദിൽ ഹേ കി മാൻ ത നഹിൻ, ചാഹത്, തുടങ്ങി എത്രയെത്ര പൂജ ഭട്ട് ചിത്രങ്ങൾ. തൊണ്ണൂറുകളിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച പൂജ ഭട്ട് പിന്നീട് സിനിമയുടെ അണിയറയിലേക്കും കടന്നു. ഭട്ട് കുടുംബത്തിന്റെ സ്വന്തമായ വിശേഷ് ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ കമ്പനി ഒരുക്കിയ സിനിമകളുടെ സംവിധായികയായി പൂജയെ പിന്നീട് കണ്ടു. ശേഷം ദീർഘമായ ഇടവേള. സഹോദരി ആലിയ ഭട്ടിനൊപ്പമായിരുന്നു അഭിനയരംഗത്തേക്കുള്ള പൂജയുടെ തിരിച്ചുവരവ്. സഡക് 2 ൽ അതിഥി വേഷത്തിൽ പൂജ എത്തി.  പത്തു വർഷത്തിനുശേഷം പൂജ കാമറയുടെ മുന്നിൽ എത്തുകയായിരുന്നു അപ്പോൾ. സിനിമയിൽ നിന്ന് മാറിനിൽക്കുന്ന സമയത്തും സാമൂഹിക മാദ്ധ്യമങ്ങളിൽ താരം സജീവമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ സ്വകാര്യമാക്കി. നെഗറ്റീവ് കമന്റുകൾ സഹിക്കാൻ കഴിയാത്തതിനാലാണ് അക്കൗണ്ട് പ്രൈവറ്റ് ആക്കിയത്.
'ചിലർ ബലാത്സംഗ ഭീഷണി മുഴക്കാറുണ്ട്.  ജീവിച്ചിരിക്കാൻ നിങ്ങൾ അർഹതയില്ലെന്നും പോയി ചത്തൂടെയന്നും" ചിലർ കമന്റ് ചെയ്യാറുണ്ടെന്ന് പൂജ വൈകാരികമായി കുറിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്തും തുറന്നു പറയുന്ന പ്രകൃതമാണ് പൂജ ഭട്ടിന്റേത്. അമിത മ ദ്യപാനം തകർത്തെറിഞ്ഞ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണെന്ന് പൂജ അടുത്തിടെ ആരാധകരെ അറിയിച്ചിരുന്നു. അതായിരുന്നു ഇടവേളയുടെ കാരണം. പൂജ തിരിച്ചു വരവിന്റെ പാതയിലാണ് . അത് ഉറപ്പിക്കാൻ 'ബോംബെ ബീഗംസ്."