dogs

ന്യൂഡൽഹി : ആളുകളുടെ മൂത്രം, വിയർപ്പ് എന്നിവയുടെ ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിതരെ കണ്ടെത്താൻ കഴിവുള്ള നായകളെ സൈന്യം പരിശീലിപ്പിച്ചു. കൊവിഡ് രോഗികളെ മണത്ത് കണ്ടെത്തുന്ന രണ്ട് നായകളെയാണ് സൈന്യം പരിശീലിപ്പിച്ചത്. ഇപ്പോൾ ഈ നായകളെ ഡൽഹിയിലെ ഒരു ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ചിപ്പിപ്പാറയ്, കോക്കർ സ്പാനിയൽ എന്നീ ഇനങ്ങളെയാണ് കൊവിഡ് രോഗികളെ കണ്ടെത്താനായി പരിശീലിപ്പിച്ചത്. കോവിഡ് 19 പോസിറ്റീവ് രോഗികളെ കണ്ടെത്തുന്ന പ്രകടനം കഴിഞ്ഞ ദിവസം ഈ നായകളെ ഉപയോഗിച്ച് സൈന്യം നടത്തി. കോവിഡ് 19 പോസിറ്റീവ് രോഗികളുടെ മൂത്രത്തിൽ നിന്നും വിയർപ്പ് സാമ്പിളുകളിൽ നിന്നും പുറപ്പെടുന്ന ഗന്ധം പിടിച്ചെടുക്കുകയാണ് പരിശീലനം സിദ്ധിച്ച ഈ നായകൾ ചെയ്യുന്നത്. പരിശീലന കാലയളവിൽ 279 മൂത്രം, 267 വിയർപ്പ് സാമ്പിളുകൾ പരിശോധനയ്ക്കായി നൽകിയപ്പോൾ തിരഞ്ഞെടുക്കപ്പെട്ട രണ്ട് നായ്ക്കളുടെയും സംവേദനക്ഷമതയും കൃത്യതയും വളരെ ഉയർന്നതാണെന്ന് കണ്ടെത്തി.

നായകളുടെ പരിശീലനത്തിനായി മീററ്റ് മിലിട്ടറി ഹോസ്പിറ്റൽ, മീററ്റ് കന്റോൺമെന്റ്, മീററ്റിലെ നേതാജി സുഭാഷ് ചന്ദ്രബോസ് സുഭാരതി മെഡിക്കൽ കോളേജ് എന്നിവയിൽ നിന്ന് പോസിറ്റീവ്, സംശയകരമായ സാമ്പിളുകൾ ലഭിച്ചു.


അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്. കൊവിഡ് കാലത്ത് വിമാനത്താവളങ്ങളിലും മറ്റും രോഗബാധിതരായ യാത്രക്കാരെ കണ്ടെത്താൻ യു.എ.ഇയിലും അമേരിക്ക, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു.


ആൾക്കൂട്ടത്തിനിടയിലും കണ്ടെത്താം

പരിശീലനം ലഭിച്ച നായ്ക്കൾക്ക് എത്ര ആൾക്കൂട്ടത്തിനിടയിലും കൊവിഡ് ബാധിതരെയും മറ്റും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് യു.എ.ഇയിലും മറ്റും കൊവിഡ് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനകൾ തെളിയിച്ചിരിക്കുന്നത്. രോഗികളുടെ വിയർപ്പ് ഗന്ധത്തിൽ നിന്ന് നായ്ക്കൾ ഇവരെ തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പഠനങ്ങൾക്ക് പുറമേ പ്രായോഗിക പരീക്ഷണം കൂടി പൂർത്തിയാക്കിയാണ് മണം പിടിക്കുന്ന നായ്ക്കളെ കൊവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനും വിദേശങ്ങളിൽ മുമ്പ് നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. രോഗികളുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തന തകരാറും രോഗത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വിയർപ്പ് ഗന്ധത്തിലൂടെ നായ്ക്കൾക്ക് വിവേചിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ.