
ഓർമയിൽ ഒരു ചതുരംഗപ്പലക. കറുപ്പും വെളുപ്പും കളങ്ങളിലാകെ കരുക്കൾ - രാജാവും മന്ത്രിയും തേരും കുതിരകളുമൊക്കെ...എന്റെ സൂക്ഷ്മമായ ഒരു നീക്കത്തെ വളരെ പെട്ടെന്ന് ചെറുത്തുകൊണ്ട്, വെള്ളി കെട്ടിയ വട്ടക്കണ്ണടയ്ക്കിടയിലൂടെ നോക്കി പുഞ്ചിരി പൊഴിച്ച് സ്തേവയച്ചൻ ഇരുന്നു. അപ്പോഴാണ് ആഗ്നസ് പടി കടന്നു വന്നത്. അതൊരു ഫെബ്രുവരി മാസമായിരുന്നു.കാലം 1986. ഞാനന്ന് കണ്ണൂർ ജില്ലയിലെ  കിഴക്കൻ മലയോരഗ്രാമമായ ശ്രീകണ്ഠപുരത്താണ്. ബാങ്കിൽ ജോലി കിട്ടി വന്നെത്തിയിട്ട്  മാസങ്ങളായതേയുള്ളൂ. ബോറടിപ്പിക്കുന്ന ലോഡ്ജ് വാസത്തിനിടയിലാണ്, കമ്പിപ്പാലം കഴിഞ്ഞ് നിറയെ റബ്ബർ മരങ്ങൾക്കിടയിലുള്ള ആ പള്ളിയെയും അവിടത്തെ സ്നേഹവാനായ  ഫാദർ സ്തേവയേയും ഞാൻ പരിചയപ്പെടുന്നത്. പഞ്ഞിപോലെ തലമുടിയുള്ള കൂനിക്കൂടിയ ഒരു രൂപം, എപ്പോഴും ചിരിയോടെ... ആദ്യം ബാങ്കിലെ ഇടപാടുകാരനായാണ് അച്ചൻ വന്നതെങ്കിലും പിന്നീട്  എന്റെ വൈകുന്നേരങ്ങളുടെയും ഞായറാഴ്ചകളുടെയും സംരക്ഷകനായിത്തീരുകയായിരുന്നു. ബൈബിളിന്റെയും ചെസ്സിന്റെയും ലോകത്തേയ്ക്ക് അക്കാലങ്ങളിൽ ഒരേപോലെ ഞാൻ കടന്നുപോയി...
പള്ളിമേടയ്ക്കു പുറത്തെ തുറസ്സിൽ, വലിയ വാകമരത്തിനു കീഴെ, ഞങ്ങളുടെ ചതുരംഗപ്പടയ്ക്കു മുന്നിലേക്ക് ആഗ്നസ് വന്നെത്തിയത് ഒരു ഞായറാഴ്ചയുടെ പകലറുതിയിലായിരുന്നു. കുർബാന കഴിഞ്ഞ് ഇടവകക്കാരെല്ലാം പിരിഞ്ഞകന്നിട്ടും ആഗ്നസ് അൾത്താരയ്ക്കു മുന്നിൽ മുട്ടുകുത്തിയിരിക്കുകയായിരുന്നു. വന്നപാടെ, എന്റെ സാന്നിദ്ധ്യം അവഗണിച്ചു കൊണ്ട്, ആഗ്നസ്  സ്തേവയച്ചന് മുന്നിൽ നിന്ന് വിതുമ്പി : 'അപ്പച്ചൻ തീരുമാനിച്ച ആ മിന്നുകെട്ടിന് എനിക്ക് പറ്റില്ല ഫാദർ, എനിക്ക് ജോണിക്കുട്ടിയെത്തന്നെ മതി...'
അവൾ പിന്നേയും പലതും പറഞ്ഞുകൊണ്ടിരുന്നു. ഏതിനും പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുകൊടുത്ത് സ്തേവയച്ചൻ അവളെ  യാത്രയാക്കിയശേഷം എന്നോടു പറഞ്ഞു : 'നല്ലൊരു ജോലിയും നേടി കാശുണ്ടാക്കി തിരിച്ചുവന്നാൽ ആഗ്നസിനെ കൂടെക്കൂട്ടാൻ കൂട്ടുനിൽക്കാമെന്ന്, കുവൈത്തിലേക്കു പോകുംമുമ്പ്, ജോണിക്കുട്ടിക്കും ഉറപ്പു കൊടുത്തതാ ഞാൻ..."
ആ ഉറപ്പ് ഫാദർ സ്തേവ പാലിക്കുന്നതിന് ഞാൻ സാക്ഷിയായി... എല്ലാം വളരെ രഹസ്യമായിരുന്നു. തിരുരൂപത്തിനു മുന്നിൽ നിന്ന് ജോണിക്കുട്ടി ആഗ്നസിന് മിന്നു ചാർത്തുമ്പോൾ,  ഞങ്ങൾ,  അച്ചനോടത്രയുമടുപ്പമുള്ള കുറച്ചുപേർ കണ്ടുനിന്നു. ആ ചെറിയ വിവാഹസംഘത്തിന്റെ ജീപ്പ് കമ്പിപ്പാലമിറങ്ങി മറഞ്ഞപ്പോൾ, അച്ചൻ എന്നോടു ചോദിച്ചു : 'ഇന്ന് തീയതി എത്രയാന്നറിയാമോ?"
മനസുകൊണ്ടു കണക്കുകൂട്ടി ഞാൻ പറഞ്ഞു: 'പതിനാല്, ഫെബ്രുവരി പതിനാല്. "പള്ളിമുറ്റത്തെ പഞ്ചാരമണലിലേക്കിറങ്ങി, ഒരു ചെറുചിരിയോടെ സ്തേവയച്ചൻ പറഞ്ഞു: 'ആകസ്മികം - തീർത്തും ആകസ്മികം... നൂറ്റാണ്ടുകൾക്ക് മുമ്പ് റോമിൽ രഹസ്യവിവാഹം നടത്തിക്കൊടുത്തിരുന്ന വാലന്റൈനച്ചന്റെയും ഓർമ്മദിനം ഫെബ്രുവരി പതിനാലിനാ."
രണ്ട്
റോമൻ ഭരണകർത്താവ് ക്ലോഡിയസ് രണ്ടാമന്റെ പ്രാകൃതമായ ഒരു നിയമത്തിനെതിരെ രഹസ്യനീക്കം നടത്തിയ ആളാണ് സെന്റ് വാലന്റൈൻ. രാജ്യത്തെ ചെറുപ്പക്കാരെല്ലാം അവിവാഹിതരായി കഴിയണമെന്നും നിർബന്ധമായും പട്ടാളത്തിൽ ചേരണമെന്നും അനുശാസിച്ച രാജാവിനെ വകവയ്ക്കാതെ, പ്രണയികളെ ഒന്നിക്കാൻ കൂട്ടുനിന്നു വാലന്റൈനച്ചൻ. രഹസ്യവിവാഹങ്ങൾ പലതും നടത്തിക്കൊടുത്തപ്പോൾ, രാജാവ് വിവരം മണത്തറിഞ്ഞു. അങ്ങനെ സെന്റ് വാലന്റൈൻ അഴികൾക്കകത്തായി. എന്നാൽ മനസിലെ പ്രണയത്തിന്റെ പുഷ്പങ്ങൾ അദ്ദേഹം മറച്ചുവെച്ചില്ല... തൂക്കിലേറ്റപ്പെടുന്ന ഫെബ്രുവരി 14ന്റെ ആ സായംസന്ധ്യയിൽ അദ്ദേഹം, ജയിലിൽ വച്ച് സൗഹാർദ്ദത്തിലായ വാർഡന്റെ മകൾക്ക് സ്നേഹപൂർവ്വം ആശംസകളെഴുതി. ആ കുറിപ്പ്  അവസാനിപ്പിച്ചതിങ്ങനെ - നിന്റെ  സ്നേഹനിധിയായ വാലന്റൈൻ...

മൂന്ന്
സ്തേവയച്ചന്റെ ചതുരംഗപ്പലകയ്ക്കു മുന്നിൽ പിറ്റേക്കൊല്ലം വാലന്റൈൻസ് ഡേയ്ക്ക് ഞാനുണ്ടായിരുന്നില്ല. ജന്മനാട്ടിലേക്കു ലഭിച്ച ആ ട്രാൻസ്ഫർ, പക്ഷേ എന്റെ വാലന്റൈൻ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം ലഭിക്കാനുതകി. ആ ഫെബ്രുവരി 14-ന് അടുത്ത ഗ്രാമത്തിലുള്ള എന്റെ കൂട്ടുകാരിയെ ട്രങ്ക് ബുക്ക് ചെയ്ത് ഞാൻ വിളിച്ചാശംസിച്ചു : 'ഹാപ്പി വാലന്റൈൻസ് ഡെ."
അവൾ, ഗിരിജ, ആദ്യം അത്ഭുതപ്പെട്ടു: 'വാലന്റൈൻസ് ഡേയോ, അതെന്താ?!"
ഏതാണ്ട് പത്തു മുപ്പത്തിനാല് വർഷങ്ങൾക്കു മുമ്പാണെന്നോർക്കണം. അന്ന് ഇന്ത്യാ മഹാരാജ്യത്തിലധികമാരും സെന്റ് വാലന്റൈൻ എന്ന റോമൻ പാതിരിയെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയിരുന്നില്ല...
വീണ്ടും രണ്ടുമൂന്ന് വാലന്റൈൻസ് ഡേകൾ കൂടി...! 1990-ലെ ഫെബ്രുവരി 14-ന് ഞാനും ഗിരിജയും ഒന്നിച്ചു യാത്ര ചെയ്യാൻ തീരുമാനമെടുത്തു. മെയ് 6-ന് അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ, ഞാൻ സ്തേവയച്ചനെ ഓർത്തു. വേറെ ഏതോ ഒരു പള്ളിയിലേക്ക് സ്ഥലം മാറിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കുമദ്ദേഹം. ആഗ്നസും ജോണിക്കുട്ടിയും കുവൈത്തിൽ സുഖമായി കഴിയുന്നു; മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം.
നാല്
വാലന്റൈനച്ചന്റെ ആത്മസമർപ്പണകഥ ഇന്ന് ലോകമെമ്പാടും പ്രണയവ്യാപാരികൾ ആഘോഷപൂർവ്വം പ്രചരിപ്പിക്കുന്നുണ്ട്. ആശംസാകാർഡുകളും പിടയ്ക്കുന്ന ഹൃദയചിഹ്നങ്ങളും മാത്രമല്ല, ഇപ്പോഴിപ്പോഴായി ഡയമന്റ് ആഭരണങ്ങളും ന്യൂജെൻ ബൈക്കുകളും പ്രണയ സമ്മാനങ്ങളായി വിറ്റഴിയുന്നു. സ്നേഹത്തിന്റെ അഭൗമമായ ഒരു കാന്തി വർഷിക്കുന്നു സെന്റ് വാലന്റൈൻ തന്റെ നീക്കത്തിലൂടെ ഇന്നും. ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക്, അദ്ദേഹം പകർന്നു നൽകിയ പ്രണയവെളിച്ചം സോല്ലാസം നിറഞ്ഞൊഴുകുന്നു. എന്തുതന്നെ വ്യാപാരതന്ത്രങ്ങളുണ്ടെങ്കിലും സ്നേഹസ്വരൂപങ്ങളുടെ ആഘോഷപ്പെരുമ വാലന്റൈൻ ഓർമ്മദിനത്തിൽ ഇവിടെ തെളിയുന്നുണ്ട്. സെന്റ് വാലന്റൈനിലൂടെ, സ്തേവയച്ചനിലൂടെ, അനേകം പ്രണയവക്താക്കളിലൂടെ, കാലം ഊഷ്മളമായി ഒഴുകിക്കൊണ്ടിരിക്കുന്നു...
ഇതെഴുതി നിർത്തുമ്പോൾ, ഗിരിജ അരികിൽ വന്ന് ചോദിക്കുന്നു: 'ഇത്തവണ എനിക്കെന്താണ് വാലന്റൈൻസ് സമ്മാനം?!"
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyanur@gmail.com )